ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌ക്കരിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം പുന:പരിശോധിക്കണമെന്ന് മക്കൾ നീതിമയ്യം നേതാവും, നടനുമായ കമൽ ഹാസൻ. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ദേശീയ ഐക്യത്തിന്റെ അവസരമാക്കാമെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ രാഷ്ട്രീയ വിയോജിപ്പുകൾ ഒരു ദിവസത്തേക്ക് മാറ്റിവയ്ക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
” ഇന്ത്യയുടെ പുതിയ വീട്ടിൽ എല്ലാ കുടുംബാഗങ്ങളും താമസിക്കേണ്ടതാണ്. പങ്കാളിത്ത ജനാധിപത്യത്തിൽ വിശ്വസിക്കുന്നു. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ പൊതു വേദികളിലും പുതിയ പാർലമെന്റിലും ഉന്നയിക്കാം. നമ്മെ ഭിന്നിപ്പിക്കുന്നതിനെക്കാൾ ഒരുമിക്കുന്ന വേറെയും ഒരുപാട് കാര്യങ്ങളുണ്ട്. ലോകത്തിന്റെ കണ്ണ് നമ്മുടെ മേലാണ്. പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം ദേശീയ ഐക്യത്തിന്റെ അവസരമാക്കാം. നമ്മുടെ രാഷ്ട്രീയ വിയോജിപ്പുകൾ ഒരു ദിവസത്തേക്ക് മാറ്റിവയ്ക്കാമെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
ഈ ചരിത്ര നേട്ടത്തിന് സർക്കാരിനെ അഭിനന്ദിക്കുന്നു. രാഷ്ട്രപതിയെ പാർലമെന്റ് ഉദ്ഘാടനത്തിന് ക്ഷണിക്കാത്ത വിയോജിപ്പ് നിലനിൽക്കെ തന്നെ. ഉദ്ഘാടനം ഞാൻ നിങ്ങളോടൊപ്പം ആഘോഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റ് ഉദ്ഘാടനത്തിന് എന്തുകൊണ്ടാണ് പ്രസിഡന്റിനെ ക്ഷണിക്കാത്തത് എന്ന് വ്യക്തമാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു എന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു.












