വിവാഹം കഴിഞ്ഞ് രണ്ടാം നാൾ ഭർത്താവിനും കുടുംബത്തിനും അത്താഴത്തിൽ വിഷം കലർത്തി നൽകിയ ശേഷം നവവധു പെൺസുഹൃത്തിനൊപ്പം കടന്നുകളഞ്ഞു. മഹാരാഷ്ട്രയിലെ ജാൽഗാവ് ജില്ലയിലാണ് സിനിമാക്കഥകളെ പോലും വെല്ലുന്ന ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ജാൽഗാവ് സ്വദേശിയായ വാൽമിക് പാട്ടീൽ (32) ആണ് വധുവിന്റെയും ഏജന്റിന്റെയും ക്രൂരമായ ചതിക്കിരയായത്. വിവാഹ ഏജന്റ് മുഖേന രണ്ടര ലക്ഷം രൂപ നൽകിയാണ് ജാർഖണ്ഡ് സ്വദേശിനിയായ സുമൻ സഹാനി (20) എന്ന യുവതിയെ ഇയാൾ വിവാഹം കഴിച്ചത്.
പോലീസ് നൽകുന്ന വിവരമനുസരിച്ച് ഒക്ടോബർ 7-നായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിൽ പങ്കെടുക്കാനായി സുമന്റെ കൂട്ടുകാരിയായ ആർതി പട്ടേൽ (20) എന്ന യുവതിയും വാൽമികിന്റെ വീട്ടിലെത്തിയിരുന്നു. വിവാഹത്തിന്റെ പിറ്റേദിവസം കുടുംബാംഗങ്ങൾക്കൊപ്പം ആചാരപ്രകാരം ദമ്പതികൾ ഗ്രാമത്തിലെ ക്ഷേത്രദർശനവും നടത്തിയിരുന്നു. എന്നാൽ ഒക്ടോബർ 9-ന് രാത്രിയിൽ സുമനും കൂട്ടുകാരി ആർതിയും ചേർന്ന് ഭർത്താവിനെയും കുടുംബത്തെയും അപായപ്പെടുത്താൻ പദ്ധതിയിട്ട് അത്താഴ ഭക്ഷണത്തിൽ വിഷം കലർത്തുകയായിരുന്നു.
സംഭവദിവസം രാത്രി വാൽമികും അദ്ദേഹത്തിന്റെ മാതാപിതാക്കളും മാത്രമാണ് വിഷം കലർത്തിയ ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ ഇവർക്ക് കടുത്ത വയറുവേദനയും അസ്വസ്ഥതകളും അനുഭവപ്പെട്ടെങ്കിലും പിന്നീട് മാറുമെന്ന കരുതി ഉറങ്ങാൻ കിടക്കുകയായിരുന്നു. ഈ സമയം നോക്കി വീട്ടിലുണ്ടായിരുന്ന പണവും ആഭരണങ്ങളുമായി നവവധുവും സുഹൃത്തും അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. അടുത്ത ദിവസം ഇവരുടെ ആരോഗ്യനില വശളായതോടെയാണ് അയൽവാസികൾ ചേർന്ന് ആശുപത്രിയിലാക്കിയത്. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പോലീസ് സുമൻ , ആർതി പട്ടേൽ, വധുവിനെ എത്തിച്ചുനൽകിയ ഏജന്റ് എന്നിവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. വ്യാജ വിവാഹ തട്ടിപ്പ് സംഘങ്ങളാണ് ഇതിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.











