ന്യൂഡൽഹി: ആദായനികുതി അസസ്മെന്റുകൾ കേന്ദ്ര സർക്കിളിലേക്ക് മാറ്റുന്നതിനെതിരേ കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കൂടാതെ, സഞ്ജയ് ഗാന്ധി മെമ്മോറിയൽ ട്രസ്റ്റ്, ജവഹർ ഭവൻ ട്രസ്റ്റ്, രാജീവ് ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ്, യങ് ഇന്ത്യൻ, ആംആദ്മി പാർട്ടി എന്നിവരുടെ സമാനമായ അപേക്ഷയും ഹൈക്കോടതി തള്ളി.നിയമവിധേയമായാണ് ഈ കേസുകളിൽ സൂക്ഷ്മപരിശോധനയ്ക്കു വിട്ടതെന്നു കോടതി നിരീക്ഷിച്ചു
ഒട്ടേറെ കള്ളപ്പണക്കേസുകളിൽ ഇന്ത്യ തേടുന്ന ആയുധ ഇടപാടുകാരനായ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് നെഹ്രുകുടുംബത്തിന്റെ ആദായനികുതി ഇടപാടുകൾ പരിശോധിക്കുന്നത്. ഭണ്ഡാരിക്ക് പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദ്രയുമായി ബന്ധമുണ്ടെന്നാണ് ആരോപണം. ഭണ്ഡാരിയുമായി ബിസിനസ് ബന്ധമില്ലെന്നാണ് വദ്രയുടെ വാദം.സഞ്ജയ് ഭണ്ഡാരിയുമായി ബന്ധപ്പെട്ട കേസിൽ 2018-19 ലെ നികുതി വിവരങ്ങൾ സൂക്ഷ്മപരിശോധനയ്ക്കു വിടാൻ ആദായനികുതി വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിനെതിരെ നൽകിയ ഹർജിയാണ് തള്ളിയത്.
നികുതിവെട്ടിപ്പ് പരിശോധിക്കലാണ് സെൻട്രൽ സർക്കിൾ ചെയ്യുന്നത്. ആദായനികുതി അന്വേഷണവിഭാഗങ്ങൾ പരിശോധനയിൽ കണ്ടെത്തുന്ന തെളിവുകൾ സെൻട്രൽ സർക്കിളിങ് കൈമാറും.








