തിരുവനന്തപുരം : കേന്ദ്രസർക്കാരിനെതിരെ ‘ഒൻപതു വർഷം, ഒൻപതു ചോദ്യം’ പ്രചാരണപരിപാടിയുടെ ഭാഗമായി എഐസിസി വക്താവ് സുപ്രിയ ശ്രീനാഥെ കേരളത്തിലെത്തി. ജനങ്ങളുടെ ഒരു ചോദ്യത്തിനു പോലും ഉത്തരം പറയാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിച്ചുകളിക്കുകയാണെന്നാണ് സുപ്രിയ ശ്രീനാഥെ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസ്വത്ത് സ്വന്തക്കാർക്ക് ഇഷ്ടം പോലെ വിൽക്കുകയാണെന്നും സുപ്രിയ ശ്രീനാഥെ ആരോപിക്കുന്നു.
ഇന്ത്യൻ ഭൂപ്രദേശത്തു കടന്നുകയറാൻ ചൈന നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടോ എന്നാണ് സുപ്രിയയുടെ അടുത്ത സംശയം. കോവിഡ് പ്രതിസന്ധി നേരിടുന്നതിലെ പരാജയം മൂലം 40 ലക്ഷം ഇന്ത്യക്കാർ മരിച്ചെന്നും അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ലോക്ഡൗൺ മൂലം ലക്ഷക്കണക്കിനു പേർക്കു തൊഴിൽ നഷ്ടമായെന്നും സുപ്രിയ കുറ്റപ്പെടുത്തുന്നു.








