തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് നേടാൻ തയ്യാറെടുക്കുന്നവർക്ക് ഇനി ഒരു കടമ്പ കൂടി കടക്കണം. ഡ്രൈവിങ് പരീക്ഷാഘടനയിൽ രാജ്യാന്തര മാതൃകയിലുള്ള സുപ്രധാന മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് ഗതാഗത വകുപ്പ്. ലേണേഴ്സിനും ഡ്രൈവിങ് ടെസ്റ്റിനും പുറമെ കംപ്യൂട്ടർ അടിസ്ഥാനമാക്കി നടത്തുന്ന ‘ഹസാഡ് പെർഷെപ്ഷൻ ടെസ്റ്റ്’ (Hazard Perception Test) ഡിസംബർ ഒന്ന് മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ വരും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഡ്രൈവിങ് ലൈസൻസ് നൽകുന്നതിന് മുൻപായി ഈ ടെസ്റ്റ് കൂടി പരീക്ഷയുടെ ഭാഗമാക്കുന്നത്. വാഹനമോടിക്കുമ്പോൾ റോഡിലെ അപകടസാധ്യതകൾ തിരിച്ചറിയാനുള്ള പ്രായോഗിക ബുദ്ധി പരിശോധിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
റോഡിലുണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളും മുന്നിലെ തടസ്സങ്ങളും മുൻകൂട്ടി കണ്ട് തിരിച്ചറിയാനുള്ള ഡ്രൈവർമാരുടെ ശേഷി പരിശോധിച്ചുറപ്പിക്കുന്നതിന്റെ ഭാഗമായാണ് 100 മാർക്കിന്റെ പുതിയ ടെസ്റ്റ് നടപ്പാക്കുന്നത്. ഈ പരീക്ഷയിൽ കുറഞ്ഞത് 60 മാർക്ക് നേടുന്നവർക്ക് മാത്രമേ പാസാകാൻ സാധിക്കൂ. കംപ്യൂട്ടർ സ്ക്രീനിൽ കാണിക്കുന്ന റോഡ് സാഹചര്യങ്ങളിലൂടെയോ വിഡിയോകളിലൂടെയോ ഒരു ഡ്രൈവർ പെട്ടെന്നുണ്ടാകുന്ന അപകടങ്ങളെ എത്ര വേഗത്തിൽ തിരിച്ചറിയുന്നു എന്നതാണ് ഈ പരീക്ഷയിൽ പ്രധാനമായും വിലയിരുത്തുക. വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾ കുറയ്ക്കുന്നതിനും മികച്ച ഡ്രൈവിങ് അവബോധം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഗതാഗത വകുപ്പ് രാജ്യാന്തര നിലവാരത്തിലുള്ള ഈ പരിഷ്കാരം കൊണ്ടുവരുന്നത്.
ലേണേഴ്സ് ലൈസൻസ് ലഭിച്ച് 30 ദിവസത്തിന് ശേഷമായിരിക്കും ഉദ്യോഗാർത്ഥികൾക്കായി ഈ പുതിയ ടെസ്റ്റ് നടത്തുക. ഈ ഹസാഡ് പെർഷെപ്ഷൻ ടെസ്റ്റ് വിജയിച്ചാൽ മാത്രമേ ലൈസൻസ് നേടാനുള്ള അടുത്ത ഘട്ടമായ ഗ്രൗണ്ട് ടെസ്റ്റിലും റോഡ് ടെസ്റ്റിലും പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അറിവ് ലേണേഴ്സ് പരീക്ഷയിൽ പരിശോധിക്കുമ്പോൾ, ഡ്രൈവിങ്ങിനിടയിലെ അപകട മുന്നറിയിപ്പുകൾ മനസ്സിലാക്കാനുള്ള കഴിവാണ് ഹസാഡ് ടെസ്റ്റിലൂടെ പരിശോധിക്കപ്പെടുന്നത്. പുതിയ മാറ്റങ്ങൾ നിലവിൽ വരുന്നതോടെ ഡ്രൈവിങ് ലൈസൻസ് നേടാനുള്ള നടപടിക്രമങ്ങൾ കൂടുതൽ കർശനമാകും. ഡിസംബർ ഒന്നിന് ശേഷം ലൈസൻസ് എടുക്കാൻ കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾ പുതിയ പരീക്ഷയ്ക്ക് കൂടി തയ്യാറെടുക്കേണ്ടി വരും.\












