ഗുവാഹട്ടി: അസമിലെ ആദ്യ വന്ദേഭാരത് എക്പ്രസിന്റെ ഉദ്ഘാടനം ഇന്ന്. രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേഭാരത് എക്‌സ്പ്രസ് അസം ജനതയ്ക്ക് സമർപ്പിക്കുന്നത്. അസമിന്റെ റെയിൽവേ ഗതാഗത മേഖലയിൽ വന്ദേഭാരതിന്റെ വരവ് നിർണായകമാകും.
ഉച്ചയ്ക്ക് 12 മണിയ്ക്ക് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി തീവണ്ടി സർവ്വീസ് ഉദ്ഘാടനം ചെയ്യുക. ഇതിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യും. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മയും മറ്റ് മന്ത്രിമാരും, റെയിൽവേ ഉദ്യോഗസ്ഥരും ജീവനക്കാരും പരിപാടിയിൽ പങ്കെടുക്കും.
തലസ്ഥാനമായ ഗുവാഹട്ടിയിൽ നിന്നും പശ്ചിമ ബംഗാളിലെ ജൽപൈഗുരിയിലേക്കാണ് തീവണ്ടി സർവ്വീസ്. വന്ദേഭാരത് എക്സ്പ്രസിന് വേണ്ടി പാളങ്ങൾ നവീകരിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ഘാടനം ചെയ്യാൻ തീരീമാനിച്ചത്. ന്യൂ ബോംഗായ്ഗാവ്- ധുഹ്നോയ് -മെന്ദിപാത്തെർ- ഗുവാഹട്ടി പാതയുടെ നവീകരണമാണ് ആദ്യഘട്ടത്തിൽ പൂർത്തിയാക്കിയത്. വന്ദേഭാരത് എക്സ്പ്രസിന് പുറമേ സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന രണ്ട് മെമു ഷെഡ്ഡിന്റെ ഉദ്ഘാടനും നിർവ്വഹിക്കും. ലംഡിംഗിലാണ് പുതിയ ഷെഡ്ഡ് നിർമ്മിച്ചിരിക്കുന്നത്.
ഗുവാഹട്ടിയിൽ നിന്നും ജൽപൈഗുരിയിലേക്ക് 411 കിലോ മീറ്ററാണ് ദൂരം. സാധാരണ ഗതിയിൽ ഈ ദൂരം പിന്നിടാൻ ആറ് മണിക്കൂറും 30 മിനിറ്റും ആവശ്യമാണ്. എന്നാൽ അഞ്ച് മണിക്കൂറും 30 മിനിറ്റും എടുത്താണ് വന്ദേഭാരത് ഈ ദൂരം പൂർത്തിയാക്കുക. തുടക്കത്തിൽ ആഴ്ചയിൽ ആറ് ദിവസമാകും തീവണ്ടി സർവ്വീസ് നടത്തുക. ചൊവ്വാഴ്ച വന്ദേഭാരത് എക്‌സ്പ്രസ് സർവ്വീസ് നടത്തില്ലെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്തിന് കൂടുതൽ വന്ദേഭാരത് തീവണ്ടികൾ ഉടൻ ലഭിക്കുമെന്നാണ് സൂചന.
വിദ്യാർത്ഥികൾ, ഐടി പ്രൊഫഷണൽസ്, എന്നിവർ ഉൾപ്പെടെ നിരവധി പേരാണ് ഈ റൂട്ടിൽ യാത്ര ചെയ്യാറുള്ളത്. വന്ദേഭാരതിന്റെ വരവ് ഇവരുടെ യാത്രാ ദുരിതത്തിന് വലിയ പരിഹാരമാകും. റെയിൽവേ ഗതാഗതം സുഗമമാക്കി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുകയും ലക്ഷ്യമാണ്.








