ന്യൂഡൽഹി: ഡൽഹിയിൽ ആളുകൾ നോക്കിനിൽക്കെ 16 കാരിയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി ആൺസുഹൃത്ത്. ഡൽഹിയിലെ ഷഹ്ബാദ് ഡയറി മേഖലയിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ജെജെ കോളനിയിൽ നിന്നുളള സാക്ഷി എന്ന പെൺകുട്ടിയെയാണ് സഹിൽ എന്ന യുവാവ് ക്രൂരമായി കൊലപ്പെടുത്തിയത്. സഹിൽ ഒളിവിലാണ്. ഇയാൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മാദ്ധ്യമങ്ങളിൽ ചർച്ചയായത്. പെൺകുട്ടിയുടെ തലയിലും മുഖത്തും ഒക്കെയാണ് ഇയാൾ തുടർച്ചയായി കുത്തിയത്. ഇരുവരും തമ്മിലുളള തർക്കത്തിനൊടുവിലായിരുന്നു ആക്രമണം. നിലത്ത് വീണു കിടന്ന പെൺകുട്ടിയെ ഇയാൾ വീണ്ടും വീണ്ടും കുത്തുകയായിരുന്നു.
ഇടുങ്ങിയ വഴിയിലായിരുന്നു സംഭവം. പെൺകുട്ടിയെ കുത്തുന്നത് നോക്കി സമീപത്തുകൂടി കടന്നുപോകുന്നവർ തടയാൻ ശ്രമിക്കാതെ നടന്നുപോകുന്നതും കാണാം. ഇടയ്ക്ക് അതുവഴി കടന്നുപോയ ഒരു യുവാവ് കത്തി പിടിച്ചുവാങ്ങാൻ നോക്കിയെങ്കിലും സഹിൽ ഇയാളുടെ കൈ തട്ടി മാറ്റി. നോക്കി നിന്നവർക്ക് നേരെ സഹിൽ ആക്രോശിക്കുന്നതും വീഡിയോയിൽ കാണാം. തുടരെ കുത്തിയ ശേഷം പെൺകുട്ടിയുടെ അടുത്തുണ്ടായിരുന്ന സിമന്റ് സ്ലാബിന്റെ ഭാഗം എടുത്ത് തലയ്ക്ക് ഇടിച്ചാണ് മരണം ഉറപ്പിച്ചത്. ഈ ഘട്ടത്തിൽ പോലും കാഴ്ചക്കാർ ഇടപെടാൻ തയ്യാറായില്ല.
ഒരു ബെർത്ത്‌ഡേ പാർട്ടിയിൽ പങ്കെടുക്കാനാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. സ്ഥലത്തുണ്ടായിരുന്ന സഹിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ ഷഹബാദ് ഡയറി പോലീസ് സ്‌റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.








