ജയ്പൂർ : കാമുകനോടൊപ്പം ഒളിച്ചോടി പോയ യുവതിക്കായി നവവരൻ കാത്തുനിന്നത് 13 ദിവസം. രാജസ്ഥാനിലെ സെയ്ന ഗ്രാമത്തിലാണ് ഈ വേറിട്ട സംഭവം നടന്നത്. വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപാണ് പെൺകുട്ടി കാമുകനോടൊപ്പം ഒളിച്ചോടിയത്. ഇതോടെ കുടുംബക്കാർ പരിഭ്രാന്തരായി.
മെയ് 3 നാണ് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. വിവാഹ ദിവസം വരനും ബന്ധുക്കളും കൃത്യ സമയത്ത് മണ്ഡപത്തിലെത്തി. ചടങ്ങുകളെല്ലാം നടത്തി. തുടർന്ന് വധുവിനെ മണ്ഡപത്തിലേക്ക് കൊണ്ടുവരാനായി നോക്കുമ്പോഴാണ് യുവതിയെ കാണാതാവുന്നത്.
വിവാഹ ചടങ്ങുകൾക്ക് തൊട്ടുമുൻപ് തനിക്ക് വയറുവേദനയും ഛർദ്ദിയുമാണെന്ന് പറഞ്ഞ് യുവതി വീടിന് പുറകിലുളള ടാങ്കിന് സമീപത്തേക്ക് പോയിരുന്നു. തുടർന്നാണ് ബന്ധു കൂടിയായ കാമുകനൊപ്പം ഒളിച്ചോടിയത്.
വധു ഒളിച്ചോടിയ വിവരം അറിഞ്ഞെങ്കിലും വിവാഹത്തിൽ നിന്ന് പിന്മാറാൻ വരൻ തയ്യാറായിരുന്നില്ല. പെൺകുട്ടിയെ കണ്ടുപിടിച്ച് കൊണ്ടുവരുന്നത് വരെ അവിടെ തന്നെ കഴിയാൻ അയാളും തീരുമാനിച്ചു. വിവാഹത്തിനായി പ്രത്യേകം ഒരുക്കിയ തലപ്പാവ് പോലും യുവാവ് അഴിച്ചുമാറ്റിയില്ല.
പോലീസ് നടത്തിയ അന്വേഷണത്തിൽ മെയ് 15 ന് പെൺകുട്ടിയെ കണ്ടെത്തി. തുടർന്ന് കാത്തിരുന്ന വരൻ തന്നെ പെൺകുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു.








