ഭോപ്പാൽ : ആഫ്രിക്കയിൽ നിന്ന് മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെത്തിച്ച ചീറ്റപ്പുലികളുടെയും അവയുടെ കുഞ്ഞുങ്ങളുടെയും ക്ഷേമത്തിനായി പ്രത്യേക പൂജകൾ നടത്തി മദ്ധ്യപ്രദേശിലെ ജനങ്ങൾ. കുനോയിലെത്തിച്ച ചീറ്റപ്പുലികളിൽ ചിലത് അടുത്തിടെ ചത്തിരുന്നു. ഇത് സർക്കാരിനെയും വനംവകുപ്പിനെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ചീറ്റപ്പുലിയുടെ കുഞ്ഞുങ്ങളും ചത്തത്.
ഇതോടെ ഷിയോപൂരിലെ ജനങ്ങളും ആശങ്കയിലായി. തുടർന്നാണ് കരാഹാൽ ഗ്രാമത്തിലെ ജനങ്ങൾ പൂജകൾ നടത്താൻ തീരുമാനിച്ചത്. ഗ്രാമവാസികൾ ഒന്നായി മഹാമൃത്യുഞ്ജയ മന്ത്രം ജപിച്ചു. ഗ്രാമത്തിലെ ഹനുമാൻ ക്ഷേത്രത്തിൽ ചീറ്റപ്പുലികൾക്കായി പ്രത്യേകം ഹവനം സംഘടിപ്പിച്ചു. കുനോയിലെ ചീറ്റപ്പുലികളുടെ സംരക്ഷണത്തിനും അവ ആരോഗ്യം വീണ്ടെടുക്കാനും, പൂർണ്ണ ആരോഗ്യത്തോടെ തിരികെ എത്താനും ആളുകൾ പ്രാർത്ഥിച്ചു.
ഇന്ത്യയിൽ ചീറ്റപ്പുലികളുടെ സാന്നിദ്ധ്യം രാജ്യത്തേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് വർദ്ധിപ്പിക്കുമെന്ന് ഇവർ വിശ്വസിക്കുന്നു. ഇത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും കൂടുതൽ ആളുകൾക്ക് ജോലി നേടാൻ അവസരം ഒരുക്കുകയും ചെയ്യുമെന്ന് പ്രദേശവാസികൾ പറയുന്നു. ഈ ജീവികളുടെ നഷ്ടം ഇവിടുത്തെ വികസനത്തെ തടസ്സപ്പെടുത്തുമെന്നാണ് പഞ്ചായത്ത് സെക്രട്ടറി ഗിർരാജ് പാലിവാൾ പറയുന്നത്.
ഇതുവരെ പാർക്കിൽ മൂന്ന് ചീറ്റകളാണ് ചത്തത്. രണ്ട് ചീറ്റക്കുഞ്ഞുങ്ങളും ചത്തു.








