ന്യൂഡൽഹി: ഡൽഹിയിലെ ഷഹബാദ് മേഖലയിൽ പതിനാറുകാരിയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക തെളിവുകൾ ശേഖരിച്ച് പോലീസ്. കൊലപാതകം നടക്കുന്നതിന് രണ്ടാഴ്ച മുൻപ് കേസിലെ പ്രതിയായ സാഹിൽ കൊലപാതകം നടത്താൻ ഉപയോഗിച്ച കത്തി വാങ്ങിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്നും പോലീസ് പറയുന്നു. കൊലപാതകത്തിന് പിന്നാലെ ഇയാൾ കത്തി ഉപേക്ഷിച്ചിരുന്നു. ഇത് ഇനി കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണസംഘം പറയുന്നു,.
15 ദിവസം മുമ്പ് ഷഹബാദ് മേഖലയിലെ ഒരു ചന്തയിൽ നിന്നാണ് സാഹിൽ കത്തി വാങ്ങിയത്. എന്നാൽ കത്തി വാങ്ങിയ കട ഏതാണെന്ന് വെളിപ്പെടുത്താൻ സാഹിൽ തയ്യാറായിട്ടില്ല. ഇത് അന്വേഷിച്ച് വരികയാണെന്നും പോലീസ് പറയുന്നു. കൊലപാതകം നടത്തിയതിന് പിന്നാലെ ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം മുങ്ങുകയായിരുന്നു. രണ്ട് ബസുകൾ കയറിയാണ് ഉത്തർപ്രദേശിലെ ബുലന്ദ്‌ഷെഹറിലെത്തിയത്. ബുലന്ദ്‌ഷെഹറിൽ നിന്നാണ് ഇയാളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുന്നത്.
അതേസമയം സാഹിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കി. ഇയാളെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. സുരക്ഷാ കാരണങ്ങളാൽ ഇന്ന് രാവിലെ തന്നെ സാഹിലിനെ ഡ്യൂട്ടി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയായിരുന്നു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്ത് വന്നിട്ടുണ്ട്. സംഭവം നടന്ന് പത്ത് മിനിട്ടിന് ശേഷമാണ് നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുന്നത്. പോലീസെത്തിയ ശേഷമാണ് പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുന്നത്.








