അമരാവതി : രോഗിയായ ഭർത്താവിന്റെ വീട്ടിലിട്ട് കത്തിച്ച് വയോധിക. ആന്ധ്രാ പ്രദേശിലെ കുർനോലിൽ പട്ടിൻകൊണ്ടയിലാണ് സംഭവം. ഹരി കൃഷ്ണ പ്രസാദ് (63) ആണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നിൽ ഭാര്യ ലളിതയാണെന്നാണ് പോലീസ് പറഞ്ഞു.
ലളിതയുടെ ഭർത്താവ് ഹരി 15 വർഷമായി അസുഖ ബാധിതനായി കിടപ്പിലാണ്. ഇത്രയും നാൾ ഇയാളെ നോക്കിയതും സംരക്ഷിച്ചതും ഭാര്യയാണ്. രാവിലെ 9.30 യ്ക്ക് നോക്കിയപ്പോൾ ഭർത്താവിന് ജീവനില്ലെന്ന് കണ്ടെത്തി. തുടർന്ന് ഇവർ വീട്ടിലുണ്ടായിരുന്ന പേപ്പറും കാർഡ് ബോർഡ് കഷ്ണങ്ങളും എടുത്ത്, അത് മൃതദേഹത്തിന് മുകളിൽ വെച്ച് കത്തിക്കുകയായിരുന്നു. ഭർത്താവിന്റെ സംസ്‌കാര ചടങ്ങുകളിൽ ആരും പങ്കെടുക്കില്ലെന്ന് കരുതിയാണ് താൻ അങ്ങനെ ചെയ്തത് എന്ന് ലളിത പറഞ്ഞു.
അയൽവാസികൾ വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസ് എത്തിയത്. അപ്പോഴേക്കും മൃതദേഹം 80 ശതമാനം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇവർക്ക് മാനസിക പ്രശ്‌നം ഉണ്ടെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
ഏറെ നാളായി ഇരുവരും ഒറ്റയ്ക്കാണ് വീട്ടിൽ കഴിയുന്നത്. രണ്ട് ആൺമക്കളുണ്ട്- ഒരാൾ സർക്കാർ ആശുപത്രിയിൽ ഡോക്ടറാണ്, മറ്റൊരാൾ ലണ്ടനിലാണ് താമസിക്കുന്നത്.
മാനസിക പ്രശ്‌നങ്ങൾ മൂലമാകാം ലളിത ഇത് ചെയ്തത് എന്ന് പോലീസ് പറയുന്നു. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.








