ന്യൂഡൽഹി: ഗുസ്തി താരങ്ങൾ ഉയർത്തുന്ന ആരോപണം സത്യമെന്ന് തെളിഞ്ഞാൽ തന്നെ തൂക്കിക്കൊല്ലാമെന്ന് ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷൻ ബ്രിജ് ഭൂഷൺ സരൺ സിംഗ്. താൻ തെറ്റ് ചെയ്തിട്ടില്ല. കായിക താരങ്ങളുടേത് കേവലം ആരോപണമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ബ്രിജ് ഭൂഷന്റെ പ്രതികരണം.
ഏഴ് വർഷങ്ങൾക്ക് മുൻപ് നടന്നുവെന്ന് പറയുന്ന സംഭവത്തിലാണ് ഇപ്പോൾ ഗുസ്തി താരങ്ങൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. എന്തുകൊണ്ടാണ് പരാതി നൽകാനും പ്രതിഷേധിക്കാനും ഇവർ ഇത്രയും സമയം എടുത്തത്?. ജനുവരിയിൽ ആണ് താരങ്ങൾ സമരം ആരംഭിച്ചത്. തൊട്ടടുത്ത ദിവസം തന്നെ കേന്ദ്ര കായികമന്ത്രി ഇവരുമായി ചർച്ച നടത്തി. തൊട്ട് പിന്നാലെ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയ്ക്ക് മുൻപാകെ ലഭിച്ച എല്ലാ പരാതികളിലും റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഒരു നിയമ നടപടിയ്ക്കും താൻ ഇതുവരെ തടസ്സം നിന്നിട്ടില്ല. അതിന് കാരണം താൻ തെറ്റ് ചെയ്തിട്ടില്ല എന്നതാണ്. ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യം തന്റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം ആരംഭിച്ചത്. ഇതിന് ശേഷം തന്റെ അറസ്റ്റായി മാറി. കമ്മിറ്റി ഇരകളെന്ന് പറയുന്നവരെ നേരിട്ട് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. ഇതിൽ നിന്നു തന്നെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വ്യക്തമായി. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്.
എന്തിനാണ് ഫെഡറേഷന്റെ മുഴുവൻ പ്രവർത്തനങ്ങളും നിർത്തിവച്ചത്. ആരോപണം ഉയർന്ന് തനിക്കെതിരെ മാത്രമാണ്. ഫെഡറേഷന്റെ പ്രവർത്തനം തുടരണം. തനിക്ക് ഈ അവസരത്തിൽ ഒരുകാര്യം കൂടി ചോദിക്കാനുണ്ട്. എന്തുകൊണ്ടാണ് വിഷയത്തിൽ മറ്റ് സംസ്ഥാനങ്ങളിലെ ഗുസ്തി താരങ്ങൾ പ്രതികരിക്കാത്തത്. അവരുടെ ശ്രദ്ധ ഇപ്പോൾ രാജ്യത്തിന് വേണ്ടി മെഡലുകൾ വാങ്ങുന്നതിൽ മാത്രമാണ്.
സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. തനിക്കെതിരായ ആരോപണങ്ങളിൽ ഒന്ന് പോലും തെളിയിക്കപ്പെടില്ലെന്ന കാര്യത്തിൽ നൂറ് ശതമാനം ഉറപ്പുണ്ട്. ആറ് മണിക്കൂറോളം തന്നെ ചോദ്യം ചെയ്തിരുന്നതാണ്. അവർക്ക് സത്യമെന്തെന്ന് മനസ്സിലായി. തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് ഗുസ്തി. അതിനെ ഒരുപാട് സ്‌നേഹിച്ചുപോയി. അതുകൊണ്ടു തന്നെ ഗുസ്തി ഫെഡറേഷന്റെ തലപ്പത്തും എത്തി. അതാണ് താൻ ചെയ്ത ഏക തെറ്റെന്ന് ഇപ്പോൾ തോന്നുവെന്നും ബ്രിജ് ഭൂഷൺ കൂട്ടിച്ചേർത്തു.
ഗുസ്തി താരങ്ങൾ ശക്തമായ പ്രതിഷേധം തുടരുകയാണ്. മെഡലുകൾ ഗംഗാ നദിയിൽ ഒഴുക്കി പ്രതിഷേധിക്കുമെന്ന് ഉൾപ്പെടെ ഗുസ്തി താരങ്ങൾ പറഞ്ഞിരുന്നു. ഇതിന് പുറമേ വേൾഡ് യുണൈറ്റഡ് റെസ്ലിംഗും മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ ആയിരുന്നു ബ്രിജ് ഭൂഷന്റെ പ്രതികരണം.










Discussion about this post