ഓണക്കാലത്തെ കടുത്ത യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ (26651/26652) യാത്രാശേഷി ഇരട്ടിയാക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. നിലവിൽ 8 കോച്ചുകളുമായി സർവീസ് നടത്തുന്ന ട്രെയിനിൽ ഓഗസ്റ്റ് 17 മുതൽ 16 കോച്ചുകൾ സ്ഥിരമായി ഉൾപ്പെടുത്തും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി റെയിൽവേ മന്ത്രാലയത്തിൽ നടപ്പിലാക്കിയ നിരന്തരമായ ഇടപെടലുകളെ തുടർന്നാണ് മലയാളി പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ ഈ നിർണ്ണായക തീരുമാനം കൈക്കൊണ്ടത്.
കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതോടെ ട്രെയിനിലെ സീറ്റുകളുടെ എണ്ണം 530-ൽ നിന്ന് 1,128 ആയി ഉയരും. 14 എസി ചെയർ കാർ കോച്ചുകളും 2 എക്സിക്യൂട്ടീവ് ചെയർ കാർ കോച്ചുകളും അടങ്ങുന്നതാണ് പുതിയ ട്രെയിൻ സെറ്റ്. ഉത്സവ സീസണുകളിൽ ബെംഗളൂരുവിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ വൻതുക യാത്രാക്കൂലി നൽകേണ്ടിവരുന്ന മലയാളികൾക്കും ഐ.ടി ജീവനക്കാർക്കും 598 അധിക സീറ്റുകൾ ലഭ്യമാകുന്നത് വലിയ ആശ്വാസമായി മാറും.
ഓഗസ്റ്റ് 17 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ക്രമീകരണമനുസരിച്ച് രാവിലെ 5:10-ന് ബെംഗളൂരുവിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1:50-ന് എറണാകുളം സൗത്തിലെത്തും. മടക്ക സർവീസ് എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 2:20-ന് പുറപ്പെട്ട് രാത്രി 11:00-മണിക്ക് ബെംഗളൂരുവിൽ എത്തിച്ചേരും. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലായിരിക്കും സർവീസ്. നിലവിലെ യാത്രാവഴികളിലെ തിരക്ക് കുറയ്ക്കുന്നതിനൊപ്പം അതിവേഗ യാത്രാസൗകര്യം വർദ്ധിപ്പിക്കാനും ഈ തീരുമാനം സഹായിക്കും.








