കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ച സംഭവത്തിൽ അട്ടിമറിയെന്ന് വിവരം. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരുന്ന ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. കോഴിക്കോട് എലത്തൂരിൽ തീവയ്പുണ്ടായ അതേ ട്രെയിനിലാണ് വീണ്ടും തീപിടിത്തമുണ്ടായത്. ഷാരൂഖ് സെയ്ഫി എന്നയാളാണ് അന്ന് ട്രെയിനിന് തീവെച്ചത്.
രാത്രി ഒന്നരയോടെയാണ് സംഭവം. പെട്രോൾ പോലുള്ള എന്തോ കത്തിച്ചതായും സംശയമുണ്ട്. കൈയിൽ കാനുമായി ഒരാൾ ട്രെയിനിൽ കയറുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
ട്രെയിനിന് തീയിട്ട സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്ന സൂചനകളും ലഭിക്കുന്നുണ്ട്. പ്രതി കുറ്റം സമ്മതിച്ചു എന്നും റിപ്പോർട്ടുണ്ട്.
സംഭവം നടക്കുമ്പോൾ ഇയാൾ റെയിൽവേ സ്റ്റേഷനിൽ ട്രാക്കിന് സമീപത്തുള്ളതായി വ്യക്തമായിട്ടുണ്ട്. ഇതോടെയായിരുന്നു ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നുണ്ട്. ഡോഗ് സ്ക്വാഡ് ഉൾപ്പെടെ എത്തിയിട്ടുണ്ട്.
Discussion about this post