കടല്‍സൗന്ദര്യത്തോളം തന്നെ ദ്വീപുസൗന്ദര്യവും നിറഞ്ഞുതുളുമ്പുന്ന ബംഗാള്‍ ഉള്‍ക്കടലിലെ നിതാന്ത സുന്ദര ഭൂമിയാണ് ആന്‍ഡമാന്‍സ്. ശാന്തവും അതിസുന്ദരവുമായ കടല്‍ത്തീരം, ഹരിതനീലിമയാര്‍ന്ന തിരമാലകള്‍, അപൂര്‍വ്വങ്ങളായ കടല്‍ജീവികളും സസ്യങ്ങളും.. സഞ്ചാരികള്‍ക്ക് മനസ് നിറയ്ക്കാന്‍ ഇങ്ങനെ അനവധി കാഴ്ചകളും അനുഭവങ്ങളുമാണ് ആന്‍ഡമാന്‍ ദ്വീപുകളില്‍ കാത്തിരിക്കുന്നത്.
ആന്‍ഡമാനില്‍ സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ദ്വീപുകള്‍ ഏതെല്ലാമാണെന്നറിയാം.
ഹവെലോക്ക് ദ്വീപ്
ഈ മനോഹര ദ്വീപിന്റെ യഥാര്‍ത്ഥത്തിലുള്ള പേര് സ്വരാജ് ദ്വീപെന്നാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും ജനപ്രിയ ദ്വീപുകളിലൊന്നാണിത്. ഏഷ്യയിലെ ഏറ്റവും മികച്ച ബീച്ചുകളിലൊന്നായ രാധനഗര്‍ ബീച്ച് ഈ ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. വാട്ടര്‍ സ്‌പോര്‍ട്‌സ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഹവെലോക് ബീച്ചില്‍ നിരവധി സാധ്യതകളും അവസരങ്ങളും ഉണ്ട്.
നീല്‍ ദ്വീപ്
ആന്‍ഡമാനില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട മറ്റൊരു ദ്വീപാണ് നീല്‍ ദ്വീപ് അല്ലെങ്കില്‍ ഷഹീദ് ദ്വീപ്. നീലക്കടല്‍ കാഴ്ചയൊരുക്കി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഭരത്പൂര്‍, ലക്ഷ്മണ്‍പൂര്‍ കടല്‍ത്തീരങ്ങള്‍ ഈ ദ്വീപിലാണ്. ഇവിടെ സ്‌നോര്‍കലിംഗിനും കടലിനുള്ളിലെ കാഴ്ചകള്‍ കാണാനും നിരവധി അവസരങ്ങളുണ്ട്.
റോസ് ദ്വീപ്
സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്നും പേരുള്ള റോസ് ദ്വീപ് ആന്‍ഡമാന്‍ഡ് തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിന് അടുത്താണ്. ആന്‍ഡമാന്‍സിന്റെ കൊളോണിയല്‍ ഭൂതകാലത്തിന്റെ അവശേഷിപ്പുകള്‍ ഇപ്പോഴും ഈ ദ്വീപിലുണ്ട്. ബ്രിട്ടീഷ് കാലഘട്ടത്തിലെ കെട്ടിടങ്ങള്‍, പള്ളി, ഒരു ബേക്കറി എന്നിങ്ങനെ ചരിത്രസ്മരണകള്‍ ഉണര്‍ത്തുന്ന നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്.
ജോളി ബ്യോയി ദ്വീപ്
വെള്ളമണല്‍ വിരിച്ച തീരങ്ങളാണ് ഈ ദ്വീപിന്റെ പ്രത്യേകത. മനഹോരങ്ങളായ പവിഴപ്പുറ്റുകള്‍ക്കും വൃത്തിയുള്ള ബീച്ചുകള്‍ക്കും പ്രസിദ്ധമാണിവിടം. സ്‌നോര്‍കലിംഗും സ്‌ക്യൂബ ഡൈവിംഗും നടത്താന്‍ പറ്റിയ ഇടം കൂടിയാണ് ഈ ദ്വീപ്.
ഡിഗ്ലിപൂര്‍ ദ്വീപ്
പോര്‍ട്ട് ബ്ലെയറില്‍ നിന്നും ഏതാണ്ട് 320 കിലോമീറ്റര്‍ മാറിയുള്ള ഈ ദ്വീപ് പരിസ്ഥിതി സൗഹൃദ ടൂറിസത്തിന് പേരുകേട്ട ഇടമാണ്. ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കിലെന്ന പോലെ സാഹസികതയ്ക്ക് ഏറെ അവസരങ്ങള്‍ ഇവിടെയുണ്ട്. പ്രകൃതിസ്‌നേഹികള്‍ക്ക് ഇവിടം വളരെ ഇഷ്ടപ്പെടും.
ഭരതാംഗ് ദ്വീപ്
ഡിഗ്ലിപൂറിലെ പോലെ സാഹസികത തേടുന്നവര്‍ക്കും പ്രകൃതി സ്‌നേഹികള്‍ക്കും ഭരതാംഗ് ദ്വീപും ഏറെ ഇഷ്ടമാകും. ഭരതാംഗ് ഗുഹകളെന്നറിയപ്പെടുന്ന അത്ഭുതപ്പെടുത്തുന്ന ചില ഗുഹകള്‍ ഇവിടെയുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ഗുഹകള്‍ ആന്‍ഡമാനിലെ കാണേണ്ട കാഴ്ചകളില്‍ ഒന്നാണ്. ഇടതൂര്‍ന്ന കണ്ടല്‍ച്ചെടികള്‍ക്കിടയിലൂടെ ബോട്ടിലൂടെ സഞ്ചരിച്ചുവേണം ഈ ഗുഹകള്‍ക്കടുത്തെത്താന്‍.
സിന്‍ക്യൂ ദ്വീപ്
സമാധാനവും ഏകാന്തതയുമൊക്കെ ആഗ്രഹിച്ച് ആന്‍ഡമാനിലെത്തുന്നവര്‍ക്ക് പോകാന്‍ പറ്റിയ ഇടമാണ് സിന്‍ക്യൂ ദ്വീപ്. ഇവിടുത്തെ സുന്ദരമായ ബീച്ചുകളും നീലക്കടലും കടലിനുള്ളിലെ കാഴ്ചകളും എത്രകണ്ടാലും മതിവരില്ല. സ്‌നോര്‍കലിംഗും സ്യൂബ ഡൈവിംഗും ചെയ്യാന്‍ പറ്റിയ ഇടം കൂടിയാണ് ഇവിടം.
നോര്‍ത്ത് ബേ ദ്വീപ്
വാട്ടര്‍ സ്‌പോര്‍ട്‌സ് പ്രേമികള്‍ ആന്‍ഡമാനിലെ നോര്‍ത്ത് ബേ ദ്വീപിനെ കുറിച്ച് കേട്ടിരിക്കും. സ്‌നോര്‍കലിംഗിനും സ്യൂബ ഡൈവിംഗിനുമായി നിരവധിപേര്‍ ഇവിടെയെത്താറുണ്ട്. ഇവിടെയുള്ള ലൈറ്റ്ഹൗസില്‍ നിന്നും നോക്കിയാല്‍ ചുറ്റുമുള്ള ദ്വീപുകളിലെ അതിമനോഹര കാഴ്ചകള്‍ ആസ്വദിക്കാം.
Discussion about this post