കൊല്ലം: 30 വർഷം ക്ഷേത്രത്തിന് മുന്നിൽ ഭിക്ഷയെടുത്ത് ജീവിച്ച് വന്നിരുന്ന വയോധികന്റെ പണച്ചാക്ക് മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. കരുനാഗപ്പള്ളി മഹാദേവ ക്ഷേത്രത്തിന് മുന്നിൽ ഭിക്ഷാടനം നടത്തുന്ന ചിറയൻകീഴ് സ്വദേശി സുകുമാരന്റെ (75) സമ്പാദ്യം മോഷ്ടിച്ച കേസിലാണ് ജൂവലറി ജീവനക്കാരൻ തെക്കുംഭാഗം താഴേത്തൊടിയിൽ മണിലാലിനെ(55)യാണ് പോലീസ് പിടികൂടിയത്. പണച്ചാക്കിൽ ഉപയോഗ യോഗ്യമായ നോട്ടുകൾ എണ്ണിയപ്പോൾ 2.15 ലക്ഷം രൂപയുണ്ടായിരുന്നു. കുറേ നോട്ടുകൾ ദ്രവിച്ച് പോയതിന്റെ മൂല്യം കണക്കാക്കിയിട്ടില്ല.
പണം പോയതിന്റെ വിഷമത്തിൽ സുകുമാരൻ മാനസികമായും ശാരീരികമായും തകർന്നു. കിടക്കുന്ന സ്ഥലത്ത് തന്നെ മലമൂത്ര വിസർജനം നടത്തി. തുടർന്ന് നാട്ടുകാർ പോലീസിൽ പരാതി കൊടുത്തു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സിസിടിവി ദൃശ്യങ്ങളിൽ ഒരു സെക്യൂരിറ്റി ജീവനക്കാരൻ വയോധികന്റെ സമീപത്തേക്ക് പോകുന്നത് കണ്ടത്.സംശയം തോന്നി ജൂവലറിയിലെ സെക്യൂരിറ്റി മണിലാലിനെയും തൊട്ടടുത്ത കടയിലെ സെക്യൂരിറ്റിയെയും ചോദ്യം ചെയ്തു. ഇരുവരും കുറ്റം നിഷേധിച്ചതോടെ വീണ്ടും അന്വേഷണം നടത്തുകയും മണിലാലിലേക്ക് പോലീസ് എത്തുകയുമായിരുന്നു.
മൂന്നു പതിറ്റാണ്ടായി ക്ഷേത്രനടയിൽ ഭിക്ഷയെടുക്കുന്ന സുകുമാരൻ തനിക്ക് കിട്ടുന്ന പണം മുഴുവൻ ചില്ലറ മാറ്റി നോട്ടാക്കി പ്ലാസ്റ്റിക് കവറിലിട്ട് ചാക്കുകൊണ്ട് മൂടി അത് തലയിണയ്ക്ക് അടിയിൽ വച്ചാണ് കിടന്നുറങ്ങിയിരുന്നത്. സുകുമാരന്റെ കൈവശമുള്ള ചില്ലറകൾ ലോട്ടറിക്കച്ചവടക്കാർ വന്ന് വാങ്ങും. 500, 100 രൂപകൾക്കുള്ള ചില്ലറകളാണ് സുകുമാരൻ കൊടുത്തിരുന്നത്. ഇങ്ങനെ കിട്ടുന്ന 500, 100 രൂപ നോട്ടുകൾ സ്വരൂപിച്ച് കവറിലാക്കി ചാക്കു കൊണ്ട് കെട്ടി അതിൽ തല വച്ച് സമീപത്തെ കടത്തിണ്ണയിലായിരുന്നു സുകുമാരന്റെ ഉറക്കം.
Discussion about this post