ഭുവനേശ്വർ : ഒഡീഷയിൽ ട്രെയിൻ അപകടത്തിൽ 50 ഓളം പേർ മരിച്ചതായി റിപ്പോർട്ട്. പശ്ചിമ ബംഗാളിൽ നിന്നും തമിഴ്നാട്ടിലേക്ക് പുറപ്പെട്ട കോറോമൻഡൽ എക്സ്പ്രസ് തീവണ്ടിയാണ് അപകടത്തിൽപ്പെട്ടത്. ഒഡീഷയിലെ ബാലസോറിൽ വെച്ച് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബാലസോർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് 7.20 നാണ് അപകടം സംഭവിച്ചത്. 10 ലധികം ബോഗികൾ പാളം തെറ്റിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
അപകടത്തിൽ 300 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 50 ഓളം ആംബുലൻസുകൾ ഇവിടെ എത്തിച്ചു. എന്നാൽ പരിക്കേറ്റവരുടെ എണ്ണം കൂടുതലായതിമാൽ ഇവരെ ബസിലാണ് ആശുപത്രിയിലേക്ക് മാറ്റുന്നത്. പാളംതെറ്റിയ കോച്ചുകൾക്കടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. അവരെ രക്ഷിക്കാനുള്ള തീവ്ര ശ്രമമാണ് നടക്കുന്നത്.
ഹെൽപ്പ് ലൈൻ നമ്പറുകളുടെ ലിസ്റ്റ് സർക്കാർ പുറത്തുവിട്ടു
ഹൗറ ഹെൽപ്പ് ലൈൻ നമ്പർ: 033-26382217
ഖരഗ്പൂർ ഹെൽപ്പ് ലൈൻ നമ്പർ: 8972073925 & 9332392339
ബാലസോർ ഹെൽപ്പ് ലൈൻ നമ്പർ: 8249591559 & 7978418322
ഷാലിമാർ ഹെൽപ്പ് ലൈൻ നമ്പർ: 9903370746
ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ”ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ പെട്ടതിൽ വേദനിക്കുന്നു. ഈ വേളയിൽ എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. റെയിൽവേ മന്ത്രിയുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്, ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്,’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Discussion about this post