തിരുവനന്തപുരം: ഒഡീഷയിൽ ഉണ്ടായ തീവണ്ടി ദുരന്തം രാജ്യത്തെയാകെ നടുക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഷമഘട്ടത്തിൽ കേരളത്തിന്റെ മനസ്സും പിന്തുണയും ഒഡീഷയ്ക്ക് ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യത്തെയാകെ നടുക്കിയ ദുരന്തമാണ് ഒഡീഷയിൽ സംഭവിച്ചത്. ദാരുണമായ ട്രെയിനപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും അതിലേറെ ആളുകൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ഈ വിഷമഘട്ടത്തിൽ കേരളത്തിന്റെ മനസ്സും പിന്തുണയും ഒഡീഷയ്ക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പു നൽകുന്നു- മുഖ്യമന്ത്രി പറഞ്ഞു.
ബംഗാളിൽ നിന്നും തമിഴ്നാട്ടിലേക്ക് പുറപ്പെട്ട കോറോമൻഡൽ എക്സ്പ്രസ് തീവണ്ടിയാണ് അപകടത്തിൽപ്പെട്ടത്. യാത്രാമദ്ധ്യേ എതിരെ വന്ന ചരക്ക് തീവണ്ടിയുമായി എക്സ്പ്രസ് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇതുവരെ 280 ഓളം പേർ അപകടത്തിൽ മരിച്ചു. ആയിരത്തിലധികം പേർക്കാണ് പരിക്കേറ്റത്.
Discussion about this post