ഭുവനേശ്വർ : ഒഡീഷയിൽ ട്രെയിൻ ദുരന്തം ഉണ്ടായി മണിക്കൂറുകൾക്കകം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ബാലസോറിൽ എത്തിയിരുന്നു. തുടർന്ന് മണിക്കൂറുകൾ നീണ്ടുനിന്ന രക്ഷാപ്രവർത്തനങ്ങൾ അദ്ദേഹം ഏകോപിപ്പിച്ചു. രാത്രി വൈകിയും രക്ഷാപ്രവർത്തക സംഘങ്ങൾക്കൊപ്പം അദ്ദേഹം ദുരന്തഭൂമിയിൽ തന്നെ നിന്നു. അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റെയിൽവേ മന്ത്രി രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ ആവശ്യം ഉന്നയിച്ചപ്പോഴും ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല, ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള സമയമാണെന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ കർമ്മത്തിലേർപ്പെട്ടത്.

ദുരന്തഭൂമിയിൽ നിന്ന് വിട്ടുമാറാതെ നിന്ന അശ്വിനി വൈഷ്ണന് സമൂഹമാദ്ധ്യമങ്ങളിലും ശ്രദ്ധനേടി. ഇതുവരെ ഒരു കേന്ദ്ര മന്ത്രിപോലും ചെയ്യാത്ത പ്രവൃത്തിയെന്ന് ജനങ്ങൾ ഇതിനെ പ്രശംസിച്ചു.

എന്നാലിത് അശ്വിനി വൈഷ്ണവിന്റെ ഉത്തരവാദിത്വം മാത്രമല്ല, ആ നാടുമായി അദ്ദേഹത്തിനുള്ളത് ഒരിക്കലും മറക്കാനാവാത്ത് ബന്ധമാണ്. ഒരുകാലത്ത് ബാലസോർ അദ്ദേഹത്തിന്റെ കർമ്മഭൂമിയായിരുന്നു. ഒഡീഷ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അശ്വിനി വൈഷ്ണവ് ബാലസോറിലും കട്ടക്കിലും കളക്ടറായി ഏറെ കാലം ജോലി ചെയ്തിട്ടുണ്ട്.

പതിനായിരത്തിലധികം ആളുകളുടെ ജീവനെടുത്ത 1999 ലെ ചുഴലിക്കാറ്റ് സമയത്ത് നിർണായക വിവരങ്ങൾ അന്നത്തെ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നത് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അശ്വിനി വൈഷ്ണവ് ആയിരുന്നു. നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹത്തിന്റെ ഇടപെടലുകൾ സഹായിച്ചു. 2003 വരെ അദ്ദേഹം ഒഡീഷയിൽ പ്രവർത്തിച്ചു. തുടർന്ന് പ്രധാനമന്ത്രി വാജ്‌പേയിയുടെ ഓഫീസിൽ ഡെപ്യൂട്ടി സെക്രട്ടറിയായി ജോലി ചെയ്തു.












