എല്ലാ മതങ്ങളോടും ഒരേ സമീപനമാണുള്ളതെങ്കിലും മുസ്‌ലിം സമുദായത്തോട് പ്രത്യേക ഇഷ്ടമാണുള്ളതെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ . കോട്ടയത്ത് ഡിപ്പാർട്ട്മെന്റിന്റെ ഫയൽ അദാലത്തിനെത്തിയ പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പെരുന്നയിലെ എൻ.എസ്.എസ്. ആസ്ഥാനത്തെത്തി സുകുമാരൻ നായരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുസ്‌ലിം സമുദായവുമായോ ലീഗുമായോ ഒരിക്കലും അഭിപ്രായവ്യത്യാസമുണ്ടാക്കാൻ എൻ.എസ്.എസ്. ശ്രമിച്ചിട്ടില്ലെന്നും ഇതുവരെ അത്തരം ഭിന്നതകൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റെടുത്തപ്പോൾ തന്നെ താൻ ഫോണിൽ സംസാരിച്ചിരുന്നുവെന്നും, കോട്ടയത്ത് എത്തുമ്പോൾ കാണാമെന്ന് അറിയിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രി വന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ സുകുമാരൻ നായർ, മന്ത്രിയുടെ സന്ദർശനം ഇരു വിഭാഗവും തമ്മിലുള്ള സൗഹൃദം കൂടുതൽ ദൃഢമാക്കുന്നതാണെന്നും സൂചിപ്പിച്ചു. വിദ്യാഭ്യാസ രംഗത്ത് എൻ.എസ്.എസ്. നൽകിയ സംഭാവനകൾ നിസ്തുലമാണെന്നും നൂറുകണക്കിന് വിദ്യാലയങ്ങളും കലാലയങ്ങളും വളരെ മികച്ച രീതിയിലാണ് സംഘടന നടത്തിവരുന്നതെന്നും മന്ത്രി എൻ. ഷംസുദ്ദീൻ പ്രശംസിച്ചു.
വിദ്യാഭ്യാസ മേഖലയിൽ ഉന്നതമായ ക്രെഡിബിലിറ്റിയുള്ളവരുടെ ഉപദേശങ്ങളും നിർദേശങ്ങളും വകുപ്പിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു വിഭാഗവും തമ്മിൽ പൂർണ്ണമായും സൗഹൃദപരമായ അന്തരീക്ഷത്തിലാണ് ചർച്ചകൾ നടന്നതെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ സംസാരിച്ചതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നാടിന്റെ പൊതുവായ സൗഹൃദ അന്തരീക്ഷവും സാമൂഹിക മൈത്രിയും നിലനിർത്താൻ എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.








