ന്യൂയോർക്ക്: ഒഡീഷയിലുണ്ടായ തീവണ്ടി ദുരന്തത്തിൽ രാജ്യം തേങ്ങുമ്പോൾ രാഷ്ട്രീയം കളിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി സർക്കാരിന്റെ പിഴവാണ് വൻ ആൾനാശത്തിൽ കലാശിച്ച തീവണ്ടി ദുരന്തത്തിന് കാരണം ആയതെന്നാണ് രാഹുൽ പറയുന്നത്. ന്യൂയോർക്കിൽ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുന്നതിനിടെ ആയിരുന്നു രാഹുലിന്റെ പരാമർശങ്ങൾ.
ബിജെപിയ്ക്ക് ഒരിക്കലും സ്വന്തം തെറ്റ് അംഗീകരിക്കുന്ന ശീലമില്ല. അതിന് പകരം അവർ എല്ലാം കോൺഗ്രസിന്റെ തലയിൽ കെട്ടിവയ്ക്കും. നിങ്ങൾക്ക് എന്തും ബിജെപിയോട് ചോദിക്കാം. അപ്പോൾ അവർ പിന്നിലേക്ക് തിരിഞ്ഞു നോക്കും. കോൺഗ്രസിനെ പഴിക്കും. 50 വർഷങ്ങൾക്ക് മുൻപ് കോൺഗ്രസ് ചെയ്ത കാര്യമാണ് ഇതിന് കാരണമായതെന്നാകും ചോദ്യത്തിനുള്ള മറുപടിയായി നിങ്ങൾക്ക് ലഭിക്കുക.
ഇത് തന്നെയാണ് ഒഡീഷയിൽ ഉണ്ടായ തീവണ്ടി ദുരന്തത്തിലും സംഭവിക്കാൻ പോകുന്നത്. കോൺഗ്രസിന്റെ ഭരണകാലത്തും തീവണ്ടി അപകടം ഉണ്ടായിരുന്നു. അന്ന് കേന്ദ്ര റെയിൽവേ മന്ത്രി സംഭവത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള മര്യാദ കാണിക്കുകയും രാജിവയ്ക്കുകയും ചെയ്തിരുന്നു. അല്ലാതെ കുറ്റം ബ്രിട്ടീഷുകാർക്ക് മേൽ ആരോപിക്കുകയല്ല ചെയ്തത്. യാഥാർത്ഥ്യമെന്തെന്ന് അംഗീകരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം പരാമർശത്തിൽ രാഹുലിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. തീവണ്ടി ദുരന്തത്തിൽ ലോകരാജ്യങ്ങൾ പോലും ഇന്ത്യയ്‌ക്കൊപ്പം നിൽക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുകയാണ്. ഈ സമയമാണ് സംഭവത്തെ രാഹുൽ രാഷ്ട്രീയമായി ഉപയോഗിക്കുന്നത്. തീവണ്ടി ദുരന്തത്തിന്റെ പേരിൽ ജനങ്ങൾക്കിടയിൽ ഭരണവിരുദ്ധ മനോഭാവം ഉണ്ടാക്കുകയാണ് രാഹുലിന്റെ ലക്ഷ്യം എന്നാണ് ഉയരുന്ന ആക്ഷേപം.
Discussion about this post