ഭുവനേശ്വർ: ഒഡീഷയിൽ വീണ്ടും തീവണ്ടി അപകടത്തിൽപ്പെട്ടു. ബർഗഡ് ജില്ലയിലായിരുന്നു സംഭവം. അപകടത്തിൽ ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു.
രാവിലെയോടെയായിരുന്നു സംഭവം. മെറ്റലുമായി പോകുകയായിരുന്ന ചരക്ക് തീവണ്ടിയാണ് അപകടത്തിൽ പെട്ടത്. ദുംഗുരിയിൽ നിന്നും ചരക്കുമായി വരികയായിരുന്നു തീവണ്ടി. ഇതിനിടെ ബർഗഡിൽ എത്തിയപ്പോൾ പാളം തെറ്റുകയായിരുന്നു.
അപകടത്തിൽ അഞ്ച് ബോഗികൾ മറിഞ്ഞു വീണു. ഇതേ തുടർന്ന് ഇതുവഴിയുള്ള തീവണ്ടി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. അധികൃതർ എത്തി ട്രാക്കിൽ നിന്നും ബോഗികൾ മാറ്റാനുള്ള നടപടികൾ ആരംഭിച്ചു.
മൂന്ന് ദിവസം മുൻപ് ബലാസോറിൽ ഉണ്ടായ തീവണ്ടി ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും രാജ്യം മുക്തമാകുന്നതിന് മുൻപാണ് വീണ്ടും സംസ്ഥാനത്ത് തീവണ്ടി അപകടം ഉണ്ടായത്. ബലാസോറിലുണ്ടായ അപകടത്തിൽ 288 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.










