തിന്മയുടെ മേൽ നന്മയുടെ വിജയത്തെ കേന്ദ്രീകരിച്ചുള്ള രാമായണത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ആദിപുരുഷ് എന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്. പ്രഭാസ് നായകനായെത്തുന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളും മറ്റും പുരോഗമിക്കുകയാണ്. ഇതിനിടെ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറപ്രവർത്തകർ സ്വീകരിച്ച് ഒരു തീരുമാനമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
ആദിപുരുഷ് പ്രദർശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളിലും ഒരു സീറ്റ് ഹനുമാന് വേണ്ടി ഒഴിച്ചിടാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. ഈ സീറ്റ് മറ്റാർക്കും നൽകില്ലെന്നും അറിയിക്കുന്നുണ്ട്. ”രാമായണ കഥ പറയുന്നിടത്തെല്ലാം ഹനുമാൻ പ്രത്യക്ഷപ്പെടുമെന്നാണ് ഞങ്ങളുടെ വിശ്വാസം. ഈ വിശ്വാസത്തെ മാനിച്ച് ആദിപുരുഷ് പ്രദർശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടും. ചിരഞ്ജീവിയായ ഹനുമാൻ രാമൻറെ സാന്നിധ്യമുള്ള എല്ലാ സ്ഥലങ്ങളിലും വരുമെന്നാണ് വിശ്വാസം. ഹനുമാന്റെ സാന്നിദ്ധ്യത്തിൽ മഹത്വത്തോടെ നിർമ്മിച്ച ആദിപുരുഷ് നാമെല്ലാവരും കാണണം.” അണിയറപ്രവർത്തകർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഈ മാസം 16 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഓം റൗത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ പ്രഭാസ് കൂടാതെ, കൃതി സനോൺ, സെയ്ഫ് അലി ഖാൻ, സണ്ണി സിംഗ്, ദേവദത്ത നാഗെ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആകെ ബജറ്റ് 500 കോടിയാണ്.










