ന്യൂഡൽഹി: കള്ളപ്പണക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. റിയൽ എസ്റ്റേറ്റ് ഭീമന്മാരായ ഐ ആർ ഇ ഒ, എം 3 എം എന്നിവരിൽ നിന്നും 60 കോടി രൂപയുടെ ആഡംബര കാറുകൾ ഇഡി പിടിച്ചെടുത്തു. ഫെറാരി, ലംബോർഗിനി, റോൾസ് റോയ്സ്, മെഴ്സിഡസ് ബെൻസ്, ബെന്റ്ലി, ലാൻഡ് റോവർ തുടങ്ങിയ വമ്പൻ കമ്പനികളുടെ കാറുകളാണ് ഇഡി പിടിച്ചെടുത്തത്.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടന്ന പരിശോധനക്കിടെയാണ് ഇഡിയുടെ നടപടി. ഡൽഹി, ഗുരുഗ്രാം എന്നിവിടങ്ങളിലായിരുന്നു പരിശോധനകൾ. ആകെ 17 വാഹനങ്ങളാണ് ഇഡി പിടിച്ചെടുത്തിരിക്കുന്നത്. അഞ്ചേ മുക്കാൽ കോടി രൂപ വിലമതിക്കുന്ന സ്വർണവും കണക്കിൽ പെടാത്ത 15 ലക്ഷം രൂപയും ഇഡി കണ്ടെടുത്തിട്ടുണ്ട്.
ഉപഭോക്താക്കളുടെയും നിക്ഷേപകരുടെയും ഫണ്ടുകൾ ക്രമവിരുദ്ധമായി കൈകാര്യം ചെയ്ത കേസുകളിലാണ് റിയൽ എസ്റ്റേറ്റ് ഭീമന്മാർക്കെതിരെ ഇഡി നടപടികൾ തുടരുന്നത്. നൂറ് കോടിയോളം രൂപയുടെ കള്ളപ്പണം ഇവർ വെളുപ്പിച്ചതായാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.









