(ടാ..നമ്മുടെ ശശിയുടെ ഭാര്യ മരിച്ചു, ആത്മഹത്യാണെന്നാ ശശി പറേണേ…
പിന്നെ ഓൾക്ക് ഇപ്പൊ ആത്മഹത്യ ചെയ്യേണ്ട കാര്യമെന്തിരിക്കുന്നു…നീ ഓള്ടെ മുഖത്തും ശരീരത്തിലും ഉള്ള പാട് കണ്ടാ..ഓൻ തച്ച് കൊന്നതാന്നേ..’
ഏതോ ഒരു ദേഷ്യത്തിന് രണ്ട് കൊടുത്ത ശശിയേട്ടന്റെ ഭാര്യ ആത്മഹത്യ ചെയ്തപ്പോൾ നാട്ടുകാർ അത് റിപ്പോർട്ട് ചെയ്തതാണ് മുകളിൽ കണ്ടത്. പോലിസ് കേസും മറ്റുമായി ശശിയണ്ണൻ അകത്തും പുറത്തുമായി ഇപ്പോഴും തിരക്കിലാണ്..)
സാധാരണക്കാരന് മുന്നിൽ നിയമത്തിന് ചുവന്ന കണ്ണും, അധികാരവും പണവുമുള്ളവന് മുന്നിൽ അടച്ചക്കണ്ണുമാണെന്ന പറച്ചിലിന് കാലങ്ങളുടെ പഴക്കമുണ്ട്. കോരന് കുമ്പിളിൽ പോലും കഞ്ഞി കിട്ടാത്ത കാലം മുതൽ രഹസ്യമായും പരസ്യമായും മാലോകർ കൊണ്ട് നടന്ന ചൊല്ലിന് നാടിനും കാലങ്ങൾക്കുമനുസരിച്ച് ചില രൂപഭേദങ്ങൾ ഉണ്ടായെന്ന് മാത്രം
ഓണം പിറന്നാലും ഉണ്ണി പിറന്നാലും ശശിയെന്നും ശശിയും, തരൂരെന്നും തരൂരും എന്ന് തെളിയിക്കുകയാണ് നമ്മുടെ സുനന്ദപുഷ്ക്കറിന്റെ മരണവും, സുഖ ചികിത്സയിൽ നിന്ന് ഡൽഹിയ്ക്ക് പറന്ന തരൂരിന്റെ നക്ഷത്രഗുണവും.
ഭാര്യ മരിച്ചാൽ നാടൊട്ടുക്ക് ആദ്യം കുറ്റം പറയുക ഭർത്താവിനെയാണ്..ഓന്റെ കൊടുമ തന്നെ അല്ലാതെന്ത്’-എന്നാണ് ഓരോ മരണത്തിന് പിന്നാലെ(. അത് ആത്മഹത്യ ആയാലും കൊലപാതകമായാലും )മാളോരുടെ പയ്യാരം. സാധാരണമരണം വരെ കൊലപാതകമാക്കുന്ന പോലിസ് ബുദ്ധിവരെ നാട്ടിൽ പതിവ്.
ഇവിടെയാണ് ശശി വെറും ശശിയും തരൂർ തരൂരുമാകുന്നത്. കൊലപാതകമെന്ന് ഒറ്റനോട്ടത്തിൽ എല്ലാവർക്കും സംശയം തോന്നുന്ന സുനന്ദാജിയുടെ മരണം.. പക്ഷേ..തരൂരിനോ, പോലിസിനോ, എളുപ്പത്തിൽ പിടികിട്ടിയില്ല. ശരീരത്തിലെ പാടുകൾ, തരൂരിന്റെ ട്വിറ്റർ പോസ്റ്റും, ട്വിറ്റർ ഹാക്ക് ചെയ്തുവെന്ന വിശദീകരണവും, സിസി ടിവി യില്ലാത്തെ ഹോട്ടൽ, സന്ദർശകരെ കുറിച്ച് സംശയങ്ങളില്ലാത്ത തരൂർ…സ്വന്തം ഭാര്യയുടെത് കൊലപാതകമെന്ന് പറഞ്ഞപ്പോൾ വർഷങ്ങൾക്ക് ശേഷം ഉണ്ടായ ഞെട്ടൽ…
ഭാര്യയുടെ ശരീരത്തിൽ പാടുകണ്ടതിനാൽ നാട്ടിലെ നമ്മുടെ ശശി എന്നേ അകത്തായി .പിന്നെ ചോദ്യം ചെയ്യൽ, ഉരുട്ടൽ….അങ്ങനെ വർഷങ്ങളോളം വിചാരണ തടവ്…ഒടുവിൽ മരണം കൊലപാതകമല്ലെങ്കിൽ പോലും തലയിലേറ്റി നടക്കേണ്ടി വരുന്ന ഗതികേട്.
ഇനി പോലിസ് വിട്ടാലും നാട്ടുകാർ വിടില്ല. കെട്ട്യോളെ തച്ച് കൊന്നാൻ എന്ന കുത്ത് വാക്ക് കേട്ട് ആത്മഹത്യ ചെയ്യാതെ തരമില്ല തന്നെ
തരൂരായാൽ കാര്യങ്ങൾ അങ്ങനെയല്ല.. തരൂർ കൊല നടത്തുമെന്ന് വിശ്വസിക്കുന്നില്ല എന്ന് തലക്കെട്ടെഴുതി അതിന് താഴെയാണ് എഫ്ഐആർ എഴുത്ത്…തെരഞ്ഞെടുപ്പിൽ നിന്ന് പോലും ജയിക്കാവുന്ന ജമസമ്മിതിയ്ക്ക് ഒരിടിവ് പോലും വരില്ല. ജനങ്ങളെന്ന മഹാബുദ്ധിമാൻമാർ ശശിയ്ക്കുള്ളത് ശശിയ്ക്കും, സീസർക്കുള്ളത് സീസർക്കും കൊടുക്കും. ഇനി കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാലും ജനകീയ കോടതിയിൽ വിജയനായകനായി എന്ന് ഞെളിയാം തരൂർ അണ്ണന്..
സുനന്ദ പുഷക്കറിന്റെ മരണം ആത്മഹത്യയാക്കാൻ മൗനത്തോടെ കൂട്ട് നിന്ന മാധ്യമങ്ങൾ..ഭാര്യയുടെ ആത്മഹത്യ കണ്ട ഉടൻ തന്നെ ഞെട്ടി ബോധംകെട്ട നമ്മുടെ ശശിയുടെ ഭാര്യയുടെ മരണം എങ്ങനെ ഏറ്റെടുക്കും..
ശരീരത്തിലെ പാടുകൾ എവിടെയെത്ര ആഴത്തിൽ…കൊലപാതകത്തിന് കാരണമായേക്കുന്ന പത്ത് കാരണങ്ങൾ..ശശിയുടെയും ഭാര്യയുടെയും ഭൂതകാലം….കൊലപാതകം ശശി പ്ലാൻ ചെയ്ത രീതി..അങ്ങനെ കോളങ്ങൾ നിറയെ ശശിയുടെ ചോര കൊണ്ട് കഥയെഴുതും മാദ്യമവിചാരണ എന്നാണ് ഇതിന്റെ ഓമനപ്പേർ. നാട്ടുകാർ വരെ തങ്ങളെ ബഹുമാനിക്കണേൽ ഇത്തരം ചില കടുംപ്രയോഗങ്ങൾ കയ്യിലുണ്ടെന്ന് മറ്റുള്ളവരെ വിരട്ടാനുള്ള മാധ്യമങ്ങളുടെ മനോധർമ്മം.
തരൂർ ജിയുടെയാവുമ്പോൾ പുകൾപെറ്റ ചില മാധ്യമപ്രവർത്തകരെ വരെ നേരിട്ട് സുനന്ദാജി വിളിച്ച് പറഞ്ഞ ചില കാര്യങ്ങൾ വരെ പുറത്തായില്ല. ചിലതൊക്കെ മീഡിയയിൽ വിളിച്ച് പറയാനാഞ്ഞ സുന്ദരിയെ ഇങ്ങനെയൊക്കെ പറയാമോ എന്ന് വിലക്കുന്ന മാധ്യമധർമ്മവും അവിടെ കണ്ടു.
മെഹർ താരാർ, പ്രണയം. ഐപിഎൽ വാത് വെപ്പിലെ ചില രഹസ്യങ്ങൾ അങ്ങനെ പലതും തുറന്ന് പറയുമെന്നോർത്തപ്പോൾ ചിലർക്കുണ്ടാകുന്ന വിയർപ്പ് ഇതൊന്നും തരൂർജിയുടെ കാര്യത്തിൽ പരിഗണിയ്ക്കപ്പെട്ടില്ല..മരണത്തിലെ ദുരൂഹതകൾ ചർച്ചയാവാതിരിക്കാനായിരുന്നു എല്ലാവർക്കും താൽപര്യം..
ശരീരത്തിലെ മുറിവുകൾ മരിക്കുന്നതിന് 12 മണിക്കൂർ മുതൽ 4 ദിവസം വരെ പഴക്കമുള്ളവയാണെന്നാണ് പോലിസ് ഇപ്പോൾ എഫ്ഐആറിൽ പറയുന്നത്. അപ്പോ പിന്നെ അണ്ണന് പറയേണ്ടി വരും ഈ മുറിവുകൾ എങ്ങനെ ഉണ്ടായി എന്ന്. താൻ കയ്യ് വച്ചു എന്നങ്ങാനും പറഞ്ഞ് പോയാൽ വകുപ്പ് സ്ത്രീ പീഡനമുൾപ്പടെ പൊല്ലാപ്പാവും…എനിക്കറിയില്ല എന്ന് പറഞ്ഞാൽ അത് എങ്ങനെ വിശ്വസിക്കും. അപ്പോ നുണ പരിശോധന, ചോദ്യം ചെയ്യൽ അങ്ങനെ തിരക്കഥ നീളും. ഇനി കാര്യങ്ങൾ(അറിയാവുന്ന കാര്യങ്ങൾ) നേരെ ചൊവ്വെ പറഞ്ഞാലും പണി പിറകെ വരും..എന്ത് കൊണ്ട് ഇത് ഇത്രകാലം മറച്ച് വച്ചു എന്നാവും ചോദ്യം..ചിലതൊക്കെ മറച്ച് വെക്കുന്നതും കുറ്റമാണെന്ന് നയതന്ത്രജ്ഞനായാലും തരൂർജിയ്ക്ക് അറിയാതെ തരമില്ല…
ഇനി പോലിസ് ഇത്തരം ചോദ്യങ്ങൾ പണ്ട് ചെയ്ത പോലെ ചോദിക്കാതെ ഇരിക്കണം.. അപ്പോഴുമുണ്ട് പഴയ പ്രശ്നക്കാരൻ വിലങ്ങ് തടിയായി. സുബ്രഹ്മണ്യം സ്വാമി..ചോദ്യാവലി വരെ പോലിസിന് കൊടുക്കാൻ എഴുതിവച്ചിരിക്കുകയാണ് കുശാഗ്രബുദ്ധിയായ സ്വാമി…ആരെ വെട്ടിച്ചാലും സ്വാമി എന്ന ശനി ഒഴിയാൻ പെടാപാട് വേണ്ടി വരും..പോരാത്തതിന് മോദി സർക്കാരും..
എനിക്ക് വിശക്കുന്നുവെന്ന് ട്വിറ്ററിൽ എഴുതി ടൈംനിംഗ് ടേബിളിൽ ഇരിക്കുന്നവനാണ് തരൂർജി…അതിനാൽ രാജി എന്ന വാക്ക് ട്വീറ്ററിൽ എപ്പോൾ് വരും എന്ന് കാത്തിരിക്കുകയാണ് എല്ലാവരും. കോൺഗ്രസ്…ഇടത്പക്ഷം, ബിജെപി എന്നിങ്ങനെ എല്ലാവരുമുണ്ട് ഈ കാത്തിരുപ്പ് സംഘത്തിൽ..
ശശി ശശിയാവുമോ അതോ തരൂരാവുമോ…എന്നറിയാൻ എന്തായാലും ഇനി അധികം കാത്തിരിക്കേണ്ടി വരില്ല എന്നുറപ്പ്….
Discussion about this post