2025ലെ മഹാകുംഭമേള ഏറെ സവിശേഷതകൾ നിറഞ്ഞതെന്നാണ് ആചാര്യന്മാർ അഭിപ്രായപ്പെടുന്നത്. ഇന്നു മുതൽ മഹാകുംഭ സ്‌നാനത്തിൻ്റെ ശുഭ മുഹൂർത്തം ആരംഭിച്ചിരിക്കുകയാണ്. പുലർച്ചെ 4.32ന് ബ്രാഹ്മ മുഹൂർത്തത്തിലാണ് പൗഷപൂർണിമ തിഥി ആരംഭിച്ചത്. ഇതോടെയാണ് ഭക്തർ മഹാകുംഭത്തിന്റെ പുണ്യസ്നാനം ആരംഭിക്കുന്നത്. അതിവിശിഷ്ടമായ ബുധാദിത്യയോഗത്തിലാണ് ഈ വർഷത്തെ മഹാകുംഭം നടക്കുന്നത്. നാളെ ജനുവരി 14ന് മകരസംക്രാന്തി വരെ നീണ്ടു നിൽക്കുന്നതാണ് ഈ ബുധാദിത്യയോഗം.
സൂര്യനും ബുധനും ഒരേ ഗൃഹത്തിൽ നിൽക്കുമ്പോഴാണ് ബുധാദിത്യയോഗം രൂപംകൊള്ളുന്നത്. ജനുവരി 13 പുലർച്ചെ 4:32 മുതൽ ധനുരാശിയിൽ സൂര്യനും ബുധനും സംക്രമിക്കുക്കുകയാണ്. ഇതേസമയം തന്നെയാണ് മഹാകുംഭത്തിലെ ആദ്യ സ്നാനത്തിന് തുടക്കമാകുന്നതും. ചന്ദ്രൻ്റെയും വ്യാഴത്തിൻ്റെയും പ്രിയപ്പെട്ട ഗ്രഹമായ ബുധൻ ജീവിതത്തിൽ എല്ലാവിധ സുഖങ്ങളും ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്. 144 വർഷങ്ങൾക്ക് ശേഷമാണ് മഹാകുംഭ ദിനം ബുധാദിത്യയോഗത്തോടെ ആരംഭിക്കുന്നത്.
കൂടാതെ കുംഭയോഗവും രാശി പരിവർത്തൻ യോഗയും ഈ വർഷത്തെ മഹാ കുംഭത്തെ വളരെ സവിശേഷമാക്കുന്നു. ശുക്രൻ്റെയും വ്യാഴത്തിൻ്റെയും രാശിമാറ്റവും 144 വർഷങ്ങൾക്ക് ശേഷമാണ് സംഭവിക്കുന്നത്. കൂടാതെ ശ്രവണനക്ഷത്രസിദ്ധിയോഗത്തിൽ സൂര്യനും ചന്ദ്രനും സ്ഥിതി ചെയ്യുന്നതിനാലും കുംഭത്തിൽ ശുക്രനും ശനിയും ഉന്നതമായിരിക്കുന്നതിനാലും ഈ മഹാകുംഭം അങ്ങേയറ്റം ശുഭകരവും ഗുണകരവും ആണെന്നാണ് ജ്യോതിഷ വിദഗ്ധർ വിലയിരുത്തുന്നത്.
വ്യാഴത്തിൻ്റെ സംക്രമണത്തിൻ്റെ 12 ചക്രങ്ങൾ പൂർത്തിയാക്കുന്ന കുംഭത്തെയാണ് മഹാകുംഭം എന്ന് വിശേഷിപ്പിക്കുന്നത്. അതിനാൽ തന്നെ 12 വർഷം കൂടുമ്പോഴാണ് മഹാകുംഭമേള നടക്കുന്നത്. 45 ദിവസങ്ങളാണ് മഹാകുംഭമേള നീണ്ടുനിൽക്കുക. ഇന്ന് ആരംഭിച്ച മഹാകുംഭം ഫെബ്രുവരി 26ന് മഹാശിവരാത്രി ദിനത്തിൽ ആണ് സമാപിക്കുന്നത്.
Discussion about this post