ന്യൂഡൽഹി : അഞ്ച് വർഷം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായി ഇന്ത്യ മാറുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇത് അതിവേഗം സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ വൽസാഡിൽ വാപി പട്ടണത്തിൽ ‘രാജു ഷ്രോഫ് റോഫെൽ യൂണിവേഴ്സിറ്റി’ ക്യാമ്പസ് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നിലവിൽ ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായം 7.5 ലക്ഷം കോടി രൂപയാണ്. ഇതുവരെ 4.5 കോടി തൊഴിലവസരങ്ങൾ ഈ മേഖല സൃഷ്ടിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഇത് പരമാവധി ചരക്ക് സേവന നികുതി (ജിഎസ്ടി) നൽകുന്നുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം വാഹന വിപണിയിൽ ഒന്നാം സ്ഥാനത്തെത്തും”ഗഡ്കരി പറഞ്ഞു. ലോകത്തെ ഓട്ടോമൊബൈൽ വിപണിപട്ടികയിൽ ജപ്പാനെ മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയതിന് പിന്നാലെയാണ് ഗഡ്കരി ഇക്കാര്യം അറിയിച്ചത്.
2028 ഓടെ രാജ്യത്തെ ഓട്ടോമൊബൈൽ വ്യവസായം 15 ലക്ഷം കോടി രൂപയായി മാറും. ഈ വളർച്ച രാജ്യത്തെ വലിയ സാമ്പത്തിക ശക്തിയാക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
”രാജ്യത്തെ അസംസ്‌കൃത വസ്തുക്കളും കണക്കിലെടുക്കുമ്പോൾ, ഭാവിയിൽ ഇന്ത്യക്ക് ലോകത്തിലെ ഒന്നാം നമ്പർ സമ്പദ്വ്യവസ്ഥയാകാൻ കഴിയുമെന്ന് വ്യക്തമാണ്. രാജ്യത്തെ വൻ സാമ്പത്തിക ശക്തിയാക്കി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം. ഇന്ത്യ പ്രതിവർഷം 16 ലക്ഷം കോടി രൂപയുടെ ഫോസിൽ ഇറക്കുമതി ചെയ്യുന്നുണ്ട്. ഗ്രീൻ ഹൈഡ്രജനും അമോണിയയും ഭാവിയിലെ ഇന്ധനങ്ങളാണ്. ഇന്ത്യയെ ഊർജ കയറ്റുമതി ചെയ്യുന്ന രാജ്യമാക്കി മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം,” ഗഡ്കരി പറഞ്ഞു.








