മീററ്റ്: ബിജെപി നേതാവിനെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. പ്രാദേശിക നേതാവായ നിശാന്ത് ഗാർഗ് ആണ് കൊല്ലപ്പെട്ടത്. വീട്ടിൽ നെഞ്ചിൽ വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം.
കഴിഞ്ഞ അഞ്ച് വർഷമായി നിശാന്ത് ഗാർഗ് സജീവമാണെന്നും ഭാരതീയ ജനതാ യുവമോർച്ചയുടെ (ബിജെവൈഎം) റീജിയണൽ യൂണിറ്റിന്റെ (പടിഞ്ഞാറൻ യുപി) സോഷ്യൽ മീഡിയ ചുമതലയുണ്ടായിരുന്നുവെന്നും ബിജെപിയുടെ മഹാനഗർ (സിറ്റി) പ്രസിഡന്റ് മുകേഷ് സിംഗാൾ പറഞ്ഞു.അതേസമയം തന്റെ ഭർത്താവ് ആത്മഹത്യ ചെയ്തതെന്നാണ് നിശാന്തിന്റെ ഭാര്യ പറയുന്നത്. വെള്ളിയാഴ്ച രാത്രി അമിതമായി മദ്യപിച്ചെത്തിയ ഭർത്താവ് തന്നെയും മർദ്ദിച്ചതായി ഭാര്യ സോണിയ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.
പുലർച്ചെ മൂന്ന് മണിയോടെ അവൾ അവരുടെ വീട്ടിൽ നിന്ന് കുറച്ച് അകലെയുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് പോയി. രാവിലെ 6.30ന് തിരികെ എത്തിയപ്പോഴാണ് നെഞ്ചിൽ വെടിയേറ്റ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ഗാർഗിനെ കണ്ടത്. എന്നാൽ പോലീസ് പരിശോധയിൽ തോക്ക് കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ നിശാന്തിന്റെ നാടൻ തോക്കും,മൊബൈൽ ഫോണും ഭാര്യ സോണിയ പോലീസിന് കൈമാറി. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാൽ രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഭർത്താവ് മരിച്ചതുകണ്ട് ഭയന്ന് പിസ്റ്റൾ ഒളിപ്പിച്ചതെന്നാണ് സോണിയ പറയുന്നത്.








