തിരുവനന്തപുരം: കന്യാകുമാരിയിൽ പ്രണയ ബന്ധത്തിൽ നിന്നും പിന്മാറിയ പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം തീവണ്ടിയ്ക്ക് മുൻപിൽ ചാടി യുവാവ് ജീവനൊടുക്കി. കല്ലുതോട്ടി സ്വദേശി ബർജിൻ ജോഷ്വ(23) ആണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ മടിച്ചൽ സ്വദേശിനി ഡാൻ നിഷ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
മാർത്താണ്ഡത്തിന് സമീപത്തെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥികളാണ് ഇരുവരും. ദീർഘനാളായി ഇവർ പ്രണയത്തിലുമാണ്. ഇതിനിടെ രണ്ട് മാസം മുൻപ് ഡാൻ നിഷ ഈ ബന്ധത്തിൽ നിന്നും പിന്മാറിയിരുന്നു. ഇതാണ് ജോഷ്വായെ ചൊടിപ്പിച്ചത് എന്നാണ് വിവരം. രണ്ട് മാസമായി പെൺകുട്ടി ഇയാളോട് സംസാരിക്കുന്നില്ല. പലവഴിയ്ക്ക് പെൺകുട്ടിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇതിന് കഴിഞ്ഞില്ല. ഇതിന്റെ പകയിൽ പെൺകുട്ടിയെ ജോഷ്വ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
പെൺകുട്ടിയുടെ ലാപ്‌ടോപ്പ് ജോഷ്വായുടെ പക്കലായിരുന്നു ഉണ്ടായിരുന്നത്. ഇത് മടക്കി നൽകാമെന്ന് പറഞ്ഞ് ഇയാൾ ഇന്നലെ പെൺകുട്ടിയെ വിജനമായ സ്ഥലത്ത് എത്തിക്കുകയായിരുന്നു. മാർത്താണ്ഡത്ത് എത്തിയ ഡാൻ നിഷയെ യുവാവ് ബൈക്കിൽ പഴയ പെപ്‌സി കമ്പനിയുടെ പുറകിലുള്ള തെങ്ങിൻ പുരയിടത്തിൽ എത്തിച്ചു. ഇവിടെവച്ച് സംസാരത്തിനിടെ ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയായിരുന്നു.
ഇതിനിടെ കയ്യിൽ കരുതിയിരുന്ന വെട്ടുകത്തിയെടുത്ത് പെൺകുട്ടിയെ ആഞ്ഞുവെട്ടി. പെൺകുട്ടിയുടെ തലയ്ക്ക് ആയിരുന്നു വെട്ടേറ്റത്. ഡാൻ നിഷയുടെ ബഹളം കേട്ടതോടെ നാട്ടുകാർ ഓടിയെത്തി. അപ്പോഴേക്കും ജോഷ്വാ ബൈക്കിൽ കടന്ന് കളഞ്ഞിരുന്നു.
സമീപത്തുള്ള റെയിൽവേ ട്രാക്കിന് സമീപം എത്തിയ വെർജിൻ ഇതുവഴി വന്ന ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. പെൺകുട്ടിയെ നാട്ടുകാർ ചേർന്ന് ആദ്യം കുഴിത്തുറ താലൂക്ക് ആശുപത്രിയിലും ഇവിടെ നിന്നും നാഗർകോവിൽ ആശാരി പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post