ന്യൂയോർക്ക്; ദുരിതങ്ങൾ വിട്ട് മാറാതെ യുഎസ് നഗരങ്ങൾ. കാനഡയിലെ കാട്ടുതീ മൂലമുണ്ടായ പുക ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനിടെ യുഎസ് നഗരമായ ഫിലാഡൽഫിയയിലെ ഹൈവെ തകർന്നു. പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിൽ ഇന്ധന ട്രക്ക് പൊട്ടിത്തെറിച്ചാണ് നഗരത്തിലെ പ്രധാന ഹൈവേകളിലൊന്നിന്റെ ഒരു ഭാഗം തകർന്നത്. ഹൈവേയുടെ മേൽപ്പാലത്തിനാണ് കേട്പാട് പറ്റിയത്. പ്രതിദിനം 1,60,000 ത്തിലധികം വാഹനങ്ങൾ കടന്ന് പോകുന്ന ഹൈവേ പൂർണമായ രീതിയിലേക്ക് മാറ്റാൻ മാസങ്ങൾ വേണ്ടി വരുമെന്നാണ് പറയുന്നത്. ഇത് വലിയ ഗതാഗതക്കുരുക്കിനും കോടികളുടെ നഷ്ടത്തിനുമാണ് കാരണമാകുക.
തീപിടിത്തത്തിൽ മേൽപ്പാലത്തിലൂടെ യാത്ര ചെയ്ത ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഗവർണർ ജോഷ് ഷാപ്പിറോ പറഞ്ഞു, എന്നാൽ താഴെയുള്ള ‘തീയിൽ അകപ്പെട്ട ഏതെങ്കിലും വ്യക്തിയെയോ വ്യക്തികളെയോ തിരിച്ചറിയാൻ’ അധികാരികൾ ശ്രമിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തീപിടിത്തത്തിൽ റോഡിന്റെ വടക്കുഭാഗം പൂർണ്ണമായും തകർന്നുവെന്ന് ഷാപിറോ പറഞ്ഞു. ചരക്ക് നീക്കത്തിന് പ്രധാനമായും ഉപയോഗിക്കുന്ന ഹൈവേ അടച്ചുപൂട്ടുന്നത് സമീപത്തെ നഗരങ്ങളെയും ബാധിക്കും.
തീപിടിത്തവുമായി ബന്ധപ്പെട്ട വാഹനത്തിന്റെ ഡ്രൈവർക്കായി ഫിലാഡൽഫിയ പോലീസും ബ്യൂറോ ഓഫ് ആൽക്കഹോൾ, ടുബാക്കോ, ഫയർ ആൻഡ് എക്സ്പ്ലോസീവ്സും (എടിഎഫ്) തിരച്ചിൽ നടത്തിവരികയാണെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Discussion about this post