സിയോൾ: യുക്രെയ്‌നുമായുള്ള യുദ്ധം തുടരുന്നതിനിടെ റഷ്യ, ഉത്തരകൊറിയയുമായി കൈകോർക്കുകയാണെന്ന് റിപ്പോർട്ട്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൈകോർക്കുമെന്നും ശക്തമായ ബന്ധം കെട്ടിപ്പെടുക്കുമെന്നും ഉത്തരകൊറിയൻ ഏകാധിപതിയായ കിം ജോങ് ഉൻ പ്രതിജ്ഞയെടുത്തുവെന്നാണ് രാജ്യത്തെ പ്രധാന മാദ്ധ്യമമായ കെസിഎൻഎ റിപ്പോർട്ട് ചെയ്യുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തുമെന്നും കിം ജോൻ ഉൻ പറഞ്ഞതായി ഇതിൽ പറയുന്നു.
”എല്ലാക്കാലത്തും നീതി വിജയിക്കും, ചരിത്രത്തിലേക്കുള്ള നിർണായക ഘടകങ്ങൾ കൈമാറുന്നത് റഷ്യയിലെ ജനങ്ങൾ തുടരുമെന്നും” കെഎസ്എൻഇയുടെ റിപ്പോർട്ടിൽ പറയുന്നു. ശക്തമായ ഒരു ബന്ധം കെട്ടിപ്പടുക്കുക എന്നത് രണ്ട് രാജ്യങ്ങളിലേയും ജനങ്ങളുടെ പൊതുവായ ആഗ്രഹമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ റഷ്യയുമായി തന്ത്രപ്രധാനമായ സഹകരണം ഉറപ്പാക്കണമെന്നും കിം പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയ്ക്ക് ഉത്തരകൊറിയ പിന്തുണ അറിയിച്ചിരുന്നു.












