ന്യൂഡൽഹി: ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സ്വീകരിച്ച മുന്നൊരുക്കങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. സർക്കാർ സ്വീകരിച്ച മുന്നൊരുക്ക നടപടികൾ പ്രധാനമന്ത്രിയോട് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
നിലവിൽ ഗുജറാത്തിലെ പോർബന്തർ തീരത്ത് നിന്ന് തെക്ക് പടിഞ്ഞാറ് 340 കിലോമീറ്റർ മാറിയാണ് കാറ്റ് കേന്ദ്രീകരിച്ചിരിക്കുന്നത്. മണിക്കൂറിൽ അഞ്ച് കിലോമീറ്റർ വേഗത്തിൽ വടക്ക് ഭാഗത്തേക്കാണ് സഞ്ചാരം. ജൂൺ 15 ന് ഗുജറാത്തിലെ കച്ച് തീരത്ത് കാറ്റ് കര തൊടുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
മുൻകരുതൽ നടപടിയുടെ ഭാഗമായി ഗുജറാത്തിന്റെ തെക്ക്, വടക്കൻ തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തീരജില്ലകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്ന നടപടികളും ആരംഭിച്ചു. തീരമേഖലയായ ദ്വാരകയിൽ നിന്നും 1300 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഒഴിപ്പിച്ചു. കച്ച് ജില്ലയിലെ തീരമേഖലകളിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്. സൗരാഷ്ട്ര-കച്ച് മേഖലകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു.
മണിക്കൂറിൽ 125 മുതൽ 135 കിലോമീറ്റർ വരെ വേഗം കാറ്റിന് കൈവരിച്ചേക്കാമെന്നും പരമാവധി ഇത് 150 കിലോമീറ്റർ വരെയാകാമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. പാകിസ്താൻ തീരങ്ങളോട് ചേർന്ന പ്രദേശങ്ങളിലും കാറ്റ് നാശം വിതയ്ക്കുമെന്ന് മുന്നറിയിപ്പുണ്ട്.












