മുംബൈ: മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ കിരീട ധാരണ ദിനം ആഘോഷിക്കാൻ സമൂഹമാദ്ധ്യമത്തിലൂടെ ആഹ്വാനം ചെയ്ത് യുവാവ്. ഔറംഗബാദ് സ്വദേശി അദ ഉർ റഹ്‌മാൻ ആണ് ആഹ്വാനവുമായി രംഗത്ത് എത്തിയത്. സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തു.
മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസ് എടുത്തത്. ഇന്ന് ഔറംഗസേബിന്റെ കിരീട ധാരണ ദിനമായി ആഘോഷിക്കാൻ ആയിരുന്നു റഹ്‌മാന്റെ ആവശ്യം. സമൂഹമാദ്ധ്യമത്തിലൂടെ ഇതിനായി ആഹ്വാനം ചെയ്ത ഇയാൾ പ്രകോപനപരമായ സന്ദേശങ്ങളും ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സമൂഹമാദ്ധ്യമ ഉപയോക്താക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ ഹിന്ദു സംഘടനയായ മഹാരാഷ്ട്ര നവനിർമ്മാൺ സേനയും പരാതി നൽകിയിരുന്നു. ഇതിലാണ് പോലീസ് കേസ് എടുത്തത്. പോലീസ് നടപടി സ്വീകരിച്ചത് അറിഞ്ഞ് റഹ്‌മാൻ ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുന്നതായി പോലീസ് അറിയിച്ചു. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295 എ, 153 എ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.










