എറണാകുളം: മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ കൂടുതൽ നീക്കങ്ങളുമായി അന്വേഷണ സംഘം. കേസിൽ മുൻ ഐജി ലക്ഷ്മണയേയും മുൻ ഡിഐജി സുരേന്ദ്രനെയും പ്രതി ചേർത്തു. കേസിൽ ക്രൈംബ്രാഞ്ച് കോടതിയ്ക്ക് റിപ്പോർട്ടും നൽകിയിട്ടുണ്ട്.
തട്ടിപ്പ് കേസിൽ കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരനെതിരെ രണ്ടാം പ്രതിയാക്കി പോലീസ് ഇന്നലെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെയും കേസിൽ പ്രതി ചേർത്തത്. വഞ്ചനാ കുറ്റമാണ് ഇവർക്കെതിരെയും ചുമത്തിയിരിക്കുന്നത് എന്ന് അന്വേഷണ സംഘം അറിയിച്ചു.
പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് മോൻസൻ മാവുങ്കൽ പണം വാങ്ങി കബളിപ്പിച്ച യാക്കൂബ് പുറായിൽ, സിദ്ദിഖ് പുറായിൽ, അനൂപ് വി അഹമ്മദ്, സലീം എടത്തിൽ, എംടി ഷമീർ, ഷാനിമോൻ എന്നിവർ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിരുന്നു. ഇതിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സുധാകരനെയും പ്രതിചേർത്തിരിക്കുന്നത്. താൻ നൽകിയ 25 ലക്ഷം രൂപയിൽ നിന്നും 10 ലക്ഷം രൂപ സുധാകരൻ കൈപ്പറ്റി എന്നാണ് പരാതിക്കാരനായ അനൂപിന്റെ മൊഴി.
Discussion about this post