ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ച ഖാലിസ്ഥാൻ തീവ്രവാദികളുടെ ചിത്രങ്ങൾ പുറത്തുവിട്ട് എൻഐഎ. മാർച്ച് 19ാം തിയതി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമണത്തിൽ പങ്കെടുത്ത പ്രതികളുടെ ചിത്രമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ഹൈക്കമ്മീഷൻ ആക്രമിച്ചതിന് പുറമെ ഇന്ത്യയുടെ ദേശീയ പതാകയെ പ്രതികൾ അനാദരിക്കുകയും ചെയ്തതായി എൻഐഎയുടെ ട്വീറ്റിൽ പറയുന്നു. പ്രതികളെ കുറിച്ച് വിവരം ലഭിക്കുന്നവർ എത്രയും വേഗം അറിയിക്കണമെന്നാണ് നിർദ്ദേശം. ബന്ധപ്പെടാനുള്ള നമ്പർ സഹിതമാണ് എൻഐഎയുടെ ട്വീറ്റ്.
ഖാലിസ്ഥാൻ തീവ്രവാദികൾ ഹൈക്കമ്മീഷനെ ആക്രമിക്കുന്നതിന് മുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ എൻഐഎ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ആക്രമണത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ യുകെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് എൻഐഎ അന്വേഷണം ഏറ്റെടുത്തത്. എൻഐഎ ഉദ്യോഗസ്ഥരുടെ സംഘം ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആസ്ഥാനത്ത് എത്തിയും പരിശോധന നടത്തിയിരുന്നു.
ഖാലിസ്ഥാനി അനുകൂലികൾ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്കിടെ യുകെ തലസ്ഥാനത്തെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ദേശീയ പതാക അക്രമികൾ വലിച്ചെറിഞ്ഞുിരുന്നു. അമൃത്പാൽ സിംഗിനെ പിന്തുണച്ച് കൊണ്ടുള്ള പ്രതിഷേധ പ്രകടനമായിരുന്നു ഇത്. ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്‌സിന്റെ നേതാവായ രഞ്‌ജോദ് സിംഗ് എന്ന അവതാർ സിംഗ് ഖണ്ഡയാണ് ആക്രമണത്തിന്റെ പ്രധാന സൂത്രധാരൻ എന്നാണ് വിവരം. പഞ്ചാബ്, യുകെ, കാനഡ, യുഎസ്, ജർമ്മനി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ യുവാക്കളെ ഇന്ത്യയ്ക്കെതിരെയാക്കുക എന്നതാണ് ഇയാളുടെ പ്രധാനലക്ഷ്യമെന്നും അന്വേഷണ ഏജൻസികൾ പറയുന്നു.
Discussion about this post