ആലപ്പുഴ: സ്ത്രീയോട് മോശമായി പെരുമാറിയ നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി സിപിഐ. ജില്ലാ കൗൺസിൽ അംഗം ജി സോഹനെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ സെക്രട്ടറി ഷാജിയുടെ പരാതിയിലാണ് നേതൃത്വം നടപടി സ്വീകരിച്ചത്.
പാർട്ടി കുടുംബത്തിലുള്ള സ്ത്രീയോട് മോശമായി പെരുമാറിയെന്നാണ് സോഹനെതിരായ പരാതി. ഷാജിയുടെ പരാതി ലഭിച്ചതിന് പിന്നാലെ സംഭവത്തിൽ അന്വേഷണം നടത്താൻ നേതൃത്വം നിർദ്ദേശം നൽകിയിരുന്നു. സോഹനെതിരായിരുന്നു ഈ അന്വേഷണ റിപ്പോർട്ട്. ഇതിന്മേൽ സോഹനോട് നേതൃത്വം വിശദീകരണം തേടിയിരുന്നു. എന്നാൽ നൽകിയ മറുപടി തൃപ്തികരമല്ലാതിരുന്നതിനെ തുടർന്നാണ് പുറത്താക്കാൻ തീരുമാനിച്ചത്.
വിഷയം ചർച്ച ചെയ്യാൻ ഇന്നലെ ജില്ലാ കൗൺസിൽ യോഗം ചേർന്നിരുന്നു. ഇതിലാണ് പുറത്താക്കാൻ തീരുമാനിച്ചത്. അതേസമയം നടപടി ഏകപക്ഷീയമാണെന്നും സംസ്ഥാന കൗൺസിലിന് അപ്പീൽ നൽകുമെന്നും സോഹൻ വ്യക്തമാക്കി.












