ഐപിഎൽ 2027 സീസണിൽ മുംബൈ ഇന്ത്യൻസ് നായകനായി രോഹിത് ശർമ്മ തിരിച്ചെത്തിയേക്കുമെന്ന വാർത്തകളിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. അഞ്ച് തവണ ടീമിനെ കിരീടത്തിലേക്ക് നയിച്ച രോഹിത്തിന് ക്യാപ്റ്റൻ എന്ന നിലയിൽ ഇനി ഒന്നും തെളിയിക്കാനില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ മുംബൈ ഇന്ത്യൻസ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് കടക്കുമോ എന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് സീസണുകളിൽ ഹാർദിക് പാണ്ഡ്യയാണ് ടീമിനെ നയിച്ചതെങ്കിലും മുംബൈയുടെ പ്രകടനം അത്രകണ്ട് മികച്ചതായിരുന്നില്ല. ഹാർദിക് ഇനി മുംബൈ നായകനായി തുടരാനുള്ള സാധ്യത വളരെ കുറവാണെന്നും, കൃത്യമായ കോഴ്സ് കറക്ഷൻ നടത്തുന്ന ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യൻസ് എന്നും ആകാശ് ചോപ്ര ചൂണ്ടിക്കാണിച്ചു.
രോഹിത്തിന് പുറമെ മറ്റ് മികച്ച ക്യാപ്റ്റൻസി സാധ്യതകളും മുംബൈയ്ക്ക് മുന്നിലുണ്ടെന്ന് അദ്ദേഹം വിലയിരുത്തി. മറ്റ് അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കാത്തതിനാൽ ക്യാപ്റ്റൻ എന്ന നിലയിൽ മുഴുവൻ ശ്രദ്ധയും നൽകാൻ കഴിയുന്ന ലോകകപ്പ് ജേതാവ് സൂര്യകുമാർ യാദവ് മികച്ചൊരു ഓപ്ഷനാണ്. കൂടാതെ വർക്ക്ലോഡ് മാനേജ്മെന്റ് പ്രശ്നങ്ങളില്ലെങ്കിൽ ജസ്പ്രീത് ബുംറയെയും, ഇന്ത്യൻ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനായ തിലക് വർമ്മയെയും ഭാവി നായകന്മാരായി ഫ്രാഞ്ചൈസി പരിഗണിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത മെഗാ ലേലത്തിന് ശേഷമുള്ള കാലഘട്ടത്തിൽ 39 കാരനായ രോഹിത് എത്രകാലം നായകനായി തുടരുമെന്നത് ചോദ്യചിഹ്നമാണെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.












