പ്രതിപക്ഷനേതാവ് പിണറായി വിജയൻ തിരുവനന്തപുരത്തായിരിക്കെ, അദ്ദേഹത്തിന്റെ ഔദ്യോഗിക അകമ്പടി വാഹനത്തിൽ സസ്പെൻഷനിലായ മുൻ ഗൺമാൻ അനിൽകുമാർ യാത്ര ചെയ്ത സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. ഇന്റലിജൻസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.അകമ്പടി വാഹനവുമായി അനിൽകുമാർ പത്തനാപുരത്തേക്ക് പോയെന്ന കണ്ടെത്തലിനെ തുടർന്ന് വലിയ സുരക്ഷാ വീഴ്ചയാണ് ഇതുവഴി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
എന്നാൽ, അനില്കുമാര് വാഹനം എടുത്തുകൊണ്ടുപോയെന്ന ഇന്റലിജന്സ് റിപ്പോര്ട്ടിന്മേല് വിചിത്രമായ വിശദീകരണമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. മുന് ഗണ്മാന് അനില്കുമാര് വാഹനം സ്വന്തം ആവശ്യത്തിന് കൊണ്ടുപോയതല്ലെന്നും, എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോൾ വഴിയിൽ വെച്ച് ലിഫ്റ്റ് കൊടുത്തതാണെന്നുമാണ് ഡ്രൈവറുടെ വിശദീകരണം. ഡ്രൈവറും പൊലീസുകാരനുമായ സിനോജാണ് ഇതുസംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയത്.
ഞായറാഴ്ച എറണാകുളത്ത് പിണറായി വിജയന് പൊതുപരിപാടി നിശ്ചയിച്ചിരുന്നു. എന്നാൽ പിണറായി ട്രെയിനില് വന്നോളാം എന്ന് അറിയിച്ചതിനാല് ഔദ്യോഗിക കാറുമായി ഡ്രൈവർ നേരത്തെ എറണാകുളത്തേക്ക് പോവുകയായിരുന്നു. തുടർന്ന് പരിപാടി അവസാന നിമിഷം റദ്ദാക്കിയതോടെ പിണറായി എറണാകുളം യാത്ര ഒഴിവാക്കി. ഇതോടെ താൻ ഒറ്റയ്ക്ക് തിരികെ തിരുവനന്തപുരത്തേക്ക് വരുമ്പോൾ വഴിയിൽ വെച്ച് അനിൽകുമാറിനെയും കാറില് കയറ്റുകയായിരുന്നുവെന്നാണ് ഡ്രൈവർ മൊഴി നൽകിയിട്ടുള്ളത്.
എങ്കിലും ഈ വാദം പൂർണ്ണമായും മുഖവിലയ്ക്കെടുക്കാൻ ഇന്റലിജൻസ് വിഭാഗം തയ്യാറായിട്ടില്ല. വാഹനത്തിൽ അനില്കുമാര് മാത്രമല്ല, രക്ഷാപ്രവര്ത്തനത്തിനിടെയുണ്ടായ മര്ദനക്കേസില് പ്രതിയായി സസ്പെൻഷനിൽ കഴിയുന്ന മറ്റൊരു ഗണ്മാന് സന്ദീപും ഒപ്പമുണ്ടായിരുന്നു എന്ന് ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്. പത്തനാപുരത്ത് വാഹനം നിർത്തി ഇവർ കരിക്ക് കുടിക്കാൻ ഇറങ്ങിയപ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധയിൽ വിഷയം പെട്ടതും തുടർന്ന് വിവരം രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചതും. ഔദ്യോഗിക പദവികളും സുരക്ഷാ മാനദണ്ഡങ്ങളും നിലനിൽക്കെ, സസ്പെൻഷനിലായ ഉദ്യോഗസ്ഥർ പ്രതിപക്ഷ നേതാവിന്റെ അകമ്പടി വാഹനം ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് പൊലീസ് ഗൗരവമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












