ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ നൈനി സൈനി വിമാനത്താവളം വീണ്ടും പ്രവർത്തനസജ്ജമാകാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഡിജിസിഎ നിലവിൽ ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്മെന്റ് അതോറിറ്റിക്ക് എയ്റോഡ്രോം ലൈസൻസ് അനുവദിച്ചു. 2023 ഫെബ്രുവരിയിൽ വിമാനത്താവളം വ്യോമസേനയ്ക്ക് കൈമാറിയിരുന്നു. പിത്തോരാഗഡ് ജില്ലയിൽ ഇന്ത്യ-ചൈന അതിർത്തിയോട് ചേർന്നാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും ഈ വാർത്ത സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. വൈകാതെ തന്നെ ഇവിടെ നിന്ന് വിമാനങ്ങൾ പറന്നുയരുന്നതിനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്
പിത്തോരഗഡിലെ നൈനി സൈനി വിമാനത്താവളത്തിന് എയറോഡ്രോം ലൈസൻസ് നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം തന്റെ ട്വീറ്റിൽ കുറിച്ചു.സംസ്ഥാനത്തിന്റെ വ്യോമഗതാഗതം ശക്തിപ്പെടുത്താൻ ഈ നീക്കം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019ൽ പ്രവർത്തനക്ഷമമായിരുന്ന ഈ വിമാനത്താവളം പിന്നീട് പ്രവർത്തനം നിർത്തുകയായിരുന്നു.
നിലവിൽ ഉത്തരാഖണ്ഡിൽ രണ്ട് വിമാനത്താവളങ്ങളാണ് ഉള്ളത്. ഡെറാഡൂണിലെ ജോളി ഗ്രാന്റ് വിമാനത്താവളവും ഉധം സിംഗ് നഗറിലെ പന്ത്നഗർ വിമാനത്താവളവും. പ്രദേശവാസികളും ഈ തീരുമാനം സ്വാഗതം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. പിത്തോരഗഢിന് പുറമെ അൽമോറ, ബാഗേശ്വർ, ചമ്പാവത്ത് ജില്ലകൾക്കും ഏറെ സഹായകരമാണ് ഈ വിമാനത്താവളം. വിനോദസഞ്ചാരികൾ ഇവിടേക്ക് കൂടുതലായി എത്തുമെന്നും, തദ്ദേശവാസികളുടെ തൊഴിലവസരങ്ങൾ വർദ്ധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു.








