അഹമ്മദാബാദ്: ഗുജറാത്ത് തീരമേഖലയിൽ ആഞ്ഞടിച്ച ബിപോർജോയ് ചുഴലിക്കാറ്റിൽ രണ്ട് മരണം. ശക്തമായ കാറ്റിൽ മരങ്ങളും മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും കടപുഴകിയതോടെ വൈദ്യുതി ബന്ധം പൂർണമായി നിലച്ചിരിക്കുകയാണ്. നിലവിൽ കാറ്റ് തെക്കു പടിഞ്ഞാറൻ രാജസ്ഥാനിലേക്ക് നീങ്ങുകയാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. നാളെയോടെ തന്നെ ബിപോർജോയ് രാജസ്ഥാൻ അതിർത്തിയിലേക്ക് എത്തുമെന്നാണ് നിഗമനം.
125 കിലോമീറ്റർ വരെ വേഗതയിലാണ് ഗുജറാത്തിന്റെ പല മേഖലകളിലും കാറ്റ് വീശിയടിക്കുന്നത്. മഴ ഇപ്പോഴും ശക്തമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. മുന്ദ്ര, ജാഖുവ, കോട്ടേശ്വർ, കക്പട്ട്, നാലിയ എന്നിവിടങ്ങളിലാണ് മഴ ശക്തിയായി പെയ്യുന്നത്. ഇന്ന് ഉച്ചയോടെ കാറ്റിന്റെ മണിക്കൂറിൽ 85 കിലോമീറ്ററായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ സന്ദർശിച്ച് ദുരന്തത്തിന്റെ ആഘാതം വിലയിരുത്തി. ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം ചർച്ച നടത്തി.
ബിപോർജോയ് ചുഴലിക്കാറ്റ് വീശിയടിച്ചതോടെ കച്ചിൽ മാത്രം 500 കോടിയുടെ നാശനഷ്ടം ഉണ്ടായെന്നാണ് വിലയിരുത്തൽ. തുറമുഖങ്ങൾ അടച്ചിട്ടതും വലിയ നഷ്ടത്തിന് കാരണമായി. സംസ്ഥാനത്തെ വൻകിട വ്യവസായയൂണിറ്റുകൾ പലതും പ്രവർത്തിക്കുന്നത് കച്ചിലാണ്. 350-ഓളം വൻകിട യൂണിറ്റുകളും 6500 ചെറുകിട യൂണിറ്റുകളും കച്ചിൽ മാത്രമായി പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ പ്രവർത്തനം ഭാഗികമായോ പൂർണമായോ നിർത്തി വച്ചിരിക്കുകയാണ്. കപ്പലുകൾ നങ്കൂരമിടുന്നതിനായി പുറംകടലിലേക്ക് മാറ്റിയിരിക്കുകയാണ്. ആയിരത്തിലേറെ ലോറികളും ചരക്കുനീക്കം തടസ്സപ്പെട്ടതോടെ വഴിയിലായി. സാധാരണ നിലയിലേക്ക് കാര്യങ്ങളെത്താൻ ദിവസങ്ങൾ വേണ്ടി വരുമെന്നാണ് വിലയിരുത്തൽ.












