ലക്‌നൗ: സ്ത്രീധനം ആവശ്യപ്പെട്ട വരനെ മരത്തിൽ കെട്ടിയിട്ട് വധുവിന്റെ കുടുംബം. ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലാണ് സംഭവം.ഹരഖ്പൂർ സ്വദേശി അമർജീത് വർമയെയാണ് വിവാഹ ചടങ്ങിനിടെ വധുവിൻറെ വീട്ടുകാർ കെട്ടിയിട്ടത്.
വിവാഹച്ചടങ്ങിനെത്തിയ അമർജീതിന്റെ സുഹൃത്തുക്കൾ അപമര്യാദയായി പെരുമാറിയതോടെയാണ് തർക്കം തുടങ്ങിയത്.വധൂവരന്മാർ പരസ്പരം മാലകളിടുന്ന ‘ജയ് മാല’ ചടങ്ങിന് തൊട്ടുമുൻപാണ് സ്ത്രീധനം വേണമെന്ന ആവശ്യം അമർജീത് വർമ ഉന്നയിച്ചത്.
വധുവിന്റെ കുടുംബം കുറച്ചുസമയം നൽകണമെന്ന് പറഞ്ഞിട്ടും വരൻ കേട്ടില്ല. തുടർന്ന് വധുവിൻറ വീട്ടുകാർ ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും വരനും സംഘവും വഴങ്ങിയില്ല. ഇതോടെയാണ് വരനെയും വീട്ടുകാരെയും വധുവിന്റെ കുടുംബം ബന്ദിയാക്കിയത്. എന്തെങ്കിലും ഒരു വ്യവസ്ഥയിലെത്താൻ ഇരു വീട്ടുകാരും പരാജയപ്പെട്ടതോടെ മണിക്കൂറുകളോളം യുവാവ് മരത്തിൽ കെട്ടിയിട്ട നിലയിൽ തുടർന്നു.
പോലീസ് എത്തിയാണ് യുവാവിനെ ഒടുവിൽ മരത്തിൽ നിന്നും കെട്ടഴിച്ച് മോചിപ്പിച്ചത്. രണ്ട് വീട്ടുകാരെയും പിന്നാലെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.സമവായത്തിലെത്താൻ സാധിക്കാതെ വന്നതോടെ ഇരു കൂട്ടരും വിവാഹം ഉപേക്ഷിച്ചു.








