പറ്റ്‌ന: ബിഹാറിൽ നിതീഷ് കുമാറുമായുള്ള സഖ്യം വിടാൻ ഒരുങ്ങി മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാൻ അവാം മോർച്ച. എൻഡിഎയിൽ ചേരും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി അടുത്ത ദിവസം അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും എന്നാണ് റിപ്പോർട്ടുകൾ.
മാഞ്ചിയുടെ മകൻ സന്തോഷ് സുമൻ നിതീഷ് കുമാർ മന്ത്രിസഭയിൽ നിന്നും രാജി വച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു മുന്നണി വിടാനുള്ള മാഞ്ചിയുടെ തീരുമാനം. ജൂൺ 19ന് അടുത്ത തീരുമാനം പ്രഖ്യാപിക്കുമെന്ന് മാഞ്ചി അറിയിച്ചു.
19 ന് ഹിന്ദുസ്ഥാൻ അവാം മോർച്ച ദേശീയ എക്‌സിക്യൂട്ടീവ് യോഗം വിളിച്ചിട്ടുണ്ട്. ഇതിൽ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുമെന്നാണ് റിപ്പോർട്ടുകൾ. യോഗത്തിന് ശേഷം സർക്കാരിന് നൽകിയ പിന്തുണ പിൻവലിക്കുന്നതായുള്ള ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിക്കും. എൻഡിഎയിൽ ചേരുന്നതിന് പുറമേ മറ്റൊരു മുന്നണി രൂപീകരിക്കുന്ന കാര്യവും എച്ച്എഎമ്മിന്റെ പരിഗണനയിൽ ഉണ്ട്.
കഴിഞ്ഞ ദിവസം മാഞ്ചിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നിതീഷ് കുമാർ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു മുന്നണി വിടാനുള്ള തീരുമാനം. സർക്കാരിന്റെയും പാർട്ടിയുടെയും വിവരങ്ങൾ മാഞ്ചി ചോർത്തുന്നുവെന്നായിരുന്നു നിതീഷ് കുമാറിന്റെ ആരോപണം.
Discussion about this post