ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ക്രൈസ്തവ സുവിശേഷം പറഞ്ഞ ചീഫ് സെക്രട്ടറി ജിജി തോംസണെ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നു. മതനിരപേക്ഷതയോടെ പ്രവര്‍ത്തിക്കേണ്ട ചീഫ് സെക്രട്ടറി മതപരിവര്‍ത്തനവും, പ്രചാരണവും നടത്തുന്ന തലത്തിലേക്ക് അധപതിച്ചുവെന്ന ആരോപണവുമായി വിവിധ ഹിന്ദു സംഘടനകള്‍ രംഗത്തെത്തി. ചീഫ് സെക്രട്ടറി നടത്തിയത് ഗുരുതരമായ സര്‍വ്വീസ് ചട്ടലംഘനമാണെന്ന് മുന്‍ ചീഫ് സെക്രട്ടറിമാരില്‍ ചിലരും പറയുന്നു. തമിഴ്നാട്ടില്‍ സമാനമായ സംഭവത്തില്‍ സി ഉമാശങ്കര്‍ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തത് ഇവിടെയും മാതൃകാക്കണമെന്നാണ് ഉയരുന്ന ആവശ്യം.
കോട്ടയത്ത് ഗവര്‍ണര്‍ പങ്കെടുത്ത ചടങ്ങിലാണ് ചീഫ് സെക്രട്ടറി സുവിശേഷ പ്രസംഗം നടത്തിയത്. എല്ലായിടത്തും ക്രിസ്തുവിന്റെ സുവിശേഷം പ്രചരിപ്പിക്കാനുള്ള ഉത്തരവാദിത്തം എല്ലാ വിശ്വാസികള്‍ക്കുമുണ്ട്. ഞാനും നിങ്ങളും ആ ദൗത്യം ഏറ്റെടുക്കണമെന്നും ആയിരുന്നു ജിജി തോംസണിന്റെ പ്രസംഗം. സാധരണ പൗരന് ലഭിക്കുന്ന ആവിഷ്ക്കാര സ്വാതന്ത്ര്യം ഒറു ഐഎഎസ് ഉദ്യോഗസ്ഥന് ബാധകമല്ല. ഐഎഎസ് ചട്ടമനുസരിച്ച് വേണം ഉദ്യോഗസ്ഥന് പ്രവര്‍ത്തിക്കാന്‍. ഈ ചട്ടം ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സമ്പൂര്‍ണ സുവിശേഷവത്ക്കരണത്തിന് ആഹ്വാനം നല്കിയ ചീഫ് സെക്രട്ടറിയെ പുറത്താക്കുന്നതിന് ഗവര്‍ണറും മുഖ്യമന്ത്രിയും നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി നടത്തിയത് ഭരണഘടന ലംഘനമാണ്. സമ്പൂര്‍ണ സുവിശേഷ വത്ക്കരണം ആഹ്വാനം ചെയ്തത് ഗൗരവമായി കാണണമെന്നും കുമ്മനം ആവശ്യപ്പെട്ടു.ചീഫ് സെക്രട്ടറി പാലായിലെ പാതിരിമാരുടെ സുവിശേഷകനായി മാറിയിരിക്കുകയാണെന്ന് ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ പി സുധാകരന് ആവശ്യപ്പെട്ടു.
പത്നാഭ സ്വാമി ക്ഷേത്രം തകര്‍ത്ത് തിരുവനന്തപുരത്തെ മാര്‍ സ്ലീബപുരമാക്കാന് ചീഫ് സെക്രട്ടറി നടത്തുന്ന ഗൂഢതന്ത്രമാണ് ഓപ്പറേഷന് അനന്തയെന്നും സുധാകരന് ആരോപിച്ചു.
സോഷ്യല്‍ മീഡിയകളിലും ജിജി തോംസണിനെതിരെ രൂക്ഷമായ പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം ന്യൂനപക്ഷ അനുകൂല സര്‍ക്കാരില്‍ നിന്ന് ജിജി തോംസണെതിരെ നടപടി ഉണ്ടാകാനുള്ള സാധ്യതയില്ലെന്ന് ഹിന്ദു സംഘടനകള്‍ പറയുന്നു. സര്‍ക്കാര്‍ പിന്തുണയോടെ മതപ്രചരണം നടത്തുന്ന കാലങ്ങളായുള്ള സമീപനം ഇപ്പോള്‍ ജിജി തോംസണിലൂടെ മറനീക്ക് പുറത്ത് വന്നിരിക്കുകയാണ്. വിഷയം മുഖ്യധാര മാധ്യമങ്ങള്‍ ഏറ്റെടുക്കാത്തതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
Discussion about this post