ന്യൂഡൽഹി: എഐഎംഐഎം തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസിക്കെതിരെ പോലീസിൽ പരാതി. ലോക്‌സഭയിൽ എംപിയായി സത്യപ്രതിജ്ഞ ചെയ്ത വേളയിൽ ‘ജയ് പലസ്തീൻ’ മുദ്രാവാക്യം മുഴക്കിയതിനാണ് ഒവൈസിക്കെതിരെ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകരായ ഹരി ശങ്കർ ജെയിൻ, വിനീത് ജിൻഡൽ എന്നിവരാണ് പരാതി നൽകിയത്.
ചൊവ്വാഴ്ച ലോക്സഭയിൽ പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ‘ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പലസ്തീൻ, തക്ബീർ അല്ലാഹു അക്ബർ” എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഒവൈസി തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. ഒവൈസിയുടെ ഈ നടപടി സഭയിൽ ബഹളത്തിന് കാരണമായിരുന്നു.
അസദുദ്ദീൻ ഒവൈസി സത്യപ്രതിജ്ഞ പൂർത്തിയാക്കിയത്. പലസ്തീൻ ജനത അടിച്ചമർത്തപ്പെട്ടവർ ആയതിനാൽ ആണ് അവർക്ക് പിന്തുണ പ്രഖ്യാപിച്ചത് എന്നാണ് സത്യപ്രതിജ്ഞയ്ക്കുശേഷം സഭയ്ക്ക് പുറത്ത് മാദ്ധ്യമങ്ങളെ കണ്ടപ്പോൾ ഒവൈസി വ്യക്തമാക്കിയത്. ഇന്ത്യയിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങൾ ആത്മാർത്ഥതയോടെ ഉന്നയിക്കുന്നത് തുടരുമെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം ഒവൈസി എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലും വ്യക്തമാക്കി.
അസദുദ്ദീൻ ഒവൈസിയുടെ പ്രവൃത്തി ലോക്‌സഭയിൽ വാക്കേറ്റത്തിനും ബഹളത്തിനും കാരണമായി. സഭാ ചട്ടങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനമാണ് ഓവൈസിയുടെ ഭാഗത്തുനിന്നും ഉണ്ടായത് എന്ന് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി വ്യക്തമാക്കി. ഒരിക്കൽപോലും ഭാരത് മാതാ കി ജയ് എന്ന് പറയാത്ത ഒവൈസി പരസ്യമായി മറ്റൊരു രാജ്യത്തിന് പിന്തുണ പ്രഖ്യാപിക്കുന്നത് ചട്ടലംഘനമാണെന്നും സഭയിൽ അഭിപ്രായമുയർന്നു.
Discussion about this post