ചെന്നൈ: തമിഴ്‌നാട് ഗവർണർ ആർഎൻ രവിയ്‌ക്കെതിരെ വീണ്ടും വിവാദ പരാമർശവുമായി ഡിഎംകെ വക്താവ് ശിവാജി കൃഷ്ണമൂർത്തി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ സെന്തിൽ ബാലാജിയുടെ വകുപ്പുകൾ വിഭജിച്ച് നൽകുന്നതിനെ ഗവർണർ എതിർത്തിരുന്നു. ഇതിനെ വിമർശിച്ചുകൊണ്ട് സംസാരിക്കുന്നതിനിടെ ആയിരുന്നു ശിവാജി ഗവർണർക്കെതിരെ വിവാദ പരാമർശം നടത്തിയത്.
വൈദ്യുതി, എക്‌സൈസ് എന്നീ വകുപ്പുകളാണ് സെന്തിൽ ബാലാജി കൈകാര്യം ചെയ്തിരുന്നത്. അറസ്റ്റിന് പിന്നാലെ ഈ രണ്ട് വകുപ്പുകളും രണ്ട് മന്ത്രിമാർക്കായി വിഭജിച്ച് നൽകാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഗവർണർ നിരാകരിച്ചതായിരുന്നു ശിവാജി കൃഷ്ണമൂർത്തിയെ ചൊടിപ്പിച്ചത്.
രണ്ട് വകുപ്പുകളും രണ്ട് മന്ത്രിമാർക്കായി ഡിഎംകെ വിഭജിച്ച് നൽകാൻ തീരുമാനിച്ചതാണെന്ന് ശിവാജി കൃഷ്ണമൂർത്തി പറഞ്ഞു. എന്നാൽ ഈ നടപടി തെറ്റാണെന്നാണ് ഗവർണർ പറയുന്നത്. അടിയ്ക്കടി അഭിപ്രായങ്ങൾ മാറ്റരുത്. നിങ്ങൾ പറയുന്ന കാര്യത്തിൽ ഉറച്ച് നിൽക്കാൻ നിങ്ങൾക്ക് കഴിയണം. തങ്ങൾ മന്ത്രിമാരെ തീരുമാനിച്ചാൽ നിങ്ങൾക്ക് എന്തുകൊണ്ട് അംഗീകരിക്കാൻ കഴിയില്ല. നിങ്ങൾ ഉണ്ടായത് അമ്മയ്ക്കാണെങ്കിൽ പറഞ്ഞകാര്യത്തിൽ ഉറച്ച് നിൽക്കണം. എടുത്ത തീരുമാനങ്ങളിൽ ഉറച്ച് നിൽക്കുന്ന പാർട്ടിയാണ് ഡിഎംകെ. തങ്ങൾ പറയുകയല്ല, മറിച്ച് പ്രവർത്തിക്കുകയാണ് ചെയ്യുക. ഒരിക്കൽ എടുത്ത തീരുമാനം നടപ്പിലാക്കാൻ ജീവൻ നൽകാനും തങ്ങൾ തയ്യാറാകുമെന്നും ശിവാജി പറഞ്ഞു. കരുണാനിധിയുടെ ജന്മവാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശിവാജി.
അഞ്ച് മാസങ്ങൾക്ക് മുൻപും ശിവാജി ഗവർണറെ അവഹേളിച്ചിരുന്നു. അന്നുണ്ടായ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ശിവാജി കൃഷ്ണമൂർത്തിയെ സസ്‌പെൻഡ് ചെയ്തിരുന്നു. ഗവർണറെ അവഹേളിച്ചതിന് പിന്നാലെ ശിവാജി കൃഷ്ണമൂർത്തിയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധവും വിമർശനവും ഉയർന്നിരുന്നു. ഇതേ തുടർന്നായിരുന്നു നടപടി സ്വീകരിച്ചത്.
Discussion about this post