ന്യൂയോർക്ക്: ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാനായി വിനോദസഞ്ചാരികളുമായി പോയ അന്തർവാഹിനി ഇനിയും കണ്ടെത്താൻ കഴിയാത്തത് ആശങ്കയാകുന്നു. 48 മണിക്കൂറിലധികം നേരമായി അന്തർവാഹിനിയ്ക്കായി തിരച്ചിൽ തുടരുകയാണ്. എത്രയും വേഗം അന്തർവാഹിനി കണ്ടെത്തിയില്ലെങ്കിൽ ആളുകളുടെ ജീവൻ അപകടത്തിലാകുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
അന്തർവാഹിനിയിൽ ഇനി 65 ൽ താഴെ മണിക്കൂർ മാത്രം ശ്വസിക്കാനുള്ള ഓക്‌സിജൻ മാത്രമേയുള്ളൂ. ഇതിന് മുൻപ് അന്തർവാഹിനി കണ്ടെത്താനുള്ള ശ്രമമാണ് അമേരിക്കൻ തീര സംരക്ഷണ സേന നടത്തുന്നത്. ജൂൺ 18 നായിരുന്നു ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനായി യാത്രികരുമായി പോയ അന്തർവാഹിനി കാണാതെ ആയത്. വെള്ളത്തിനടിയിൽ ഒരു മണിക്കൂർ 45 മിനിറ്റ് പിന്നിട്ട ശേഷമായിരുന്നു തീര സംരക്ഷണ സേനയ്ക്ക് അന്തർവാഹിനിയുമായുള്ള ബന്ധം നഷ്ടമായത്.
രണ്ട് വിമാനങ്ങൾ, അന്തർവാഹിനി, സോണാർ എന്നിവ ഉപയോഗിച്ചുള്ള തിരച്ചിലാണ് നിലവിൽ പുരോഗമിക്കുന്നതെന്ന് അമേരിക്കൻ തീര സംരക്ഷണ സേന ഉദ്യോഗസ്ഥൻ റിയർ ആദം മൗഗർ പറഞ്ഞു. അന്തർവാഹിനി കണ്ടെത്തുക എന്നത് തീരസംരക്ഷണ സേനയുടെ ഉത്തരവാദിത്വമാണ്. അന്തർവാഹിനി കാണാതായ സ്ഥലം രക്ഷാപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എങ്കിലും പരമാവധി പരിശ്രമം തുടരുകയാണ്. ഓഷൻ ഗേറ്റ്‌സ് ടൈറ്റൻ അന്തർവാഹിനി ആണ് കാണാതെ ആയത് എന്നാണ് കരുതുന്നതെന്നും അദ്ദേഹം അറിയിച്ചു.








