തിരുവനന്തപുരം: കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ആഘാതത്തിന് പിന്നാലെ കോഴ ആരോപണത്തില്‍ കുടുങ്ങി മന്ത്രിസ്ഥാനത്ത് നിന്നുള്ള കെ.എം മാണിയുടെ രാജി സൃഷ്ടിച്ച അങ്കലാപ്പിലാണ് ഭരണപക്ഷം നിയമസഭയിലെത്തുക. അതേ സമയം എല്ലാ തലത്തിലും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കമെന്ന ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷം. നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ മുന്നൊരുക്കമായാണ് ഇരുകൂട്ടരും നടപ്പുസമ്മേളനത്തെ കാണുന്നത്.
കൂറുമാറ്റത്തിന്റെ പേരില്‍ അയോഗ്യനാക്കപ്പെട്ട പി.സി. ജോര്‍ജിന്റെ അസാന്നിധ്യവും മന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ച മാണിയുടെ ഇരിപ്പിടമാറ്റവും സമ്മേളനത്തില്‍ പ്രതിഫലിക്കും. ശക്തമായ പ്രതിപക്ഷ ഇടപെടലുകള്‍ക്കിടയില്‍ സമ്മേളനം എത്രത്തോളം സുഗമമാവുമെന്ന് കണ്ടറിയണം.
ബാര്‍ കോഴ തന്നെയായിരിക്കും ഇത്തവണയും പ്രതിപക്ഷം വലിയ വിഷയമാക്കുക്. ബാര്‍ക്കോഴയില്‍ ഇരട്ട നീതിയെന്ന കേരള കോണ്‍ഗ്രസിന്റെ നിലപാട് ഭരണപക്ഷത്തിന് മുകളില്‍ ഡെമോക്ലിസിന്റെ വാളായി തുങ്ങികിടക്കും. കെ ബാബുരാജിവെക്കണമെന്ന ആവശ്യമാകും പ്രതിപക്ഷം ഉയര്‍ത്തുക. വിലക്കയറ്റം പോലുള്ള പൊതുവിഷയങ്ങളും ഉപയോഗിക്കും. അതേസമയം, പൊതു സ്വീകാര്യതയുള്ള ഹര്ത്താന് നിയന്ത്രണ ബില്ലും ഹോട്ടലുകളിലെ വില നിയന്ത്രണ ബില്ലും അവതരിപ്പിച്ച് സഭയില്‍ മേല്‍ക്കൈ നേടാനുള്ള ഒരുക്കത്തിലാണ് ഭരണപക്ഷം.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നയപ്രഖ്യാപനത്തിനും ബജറ്റ് അവതരണത്തിനുമായി ഒരിക്കല്‍ക്കൂടി സഭ സമ്മേളിക്കുമെങ്കിലും അത് വെറും ചടങ്ങ് മാത്രമായിരിക്കും.ഡപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് രണ്ടിന് നടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പാലോട് രവിയാണ് ഭരണമുന്നണി സ്ഥാനാര്‍ഥി.
Discussion about this post