ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കുരങ്ങന്മാരെ വിഷം നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. ഒൻപത് പേരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തു.
ഉദ്ധംസിംഗ് നഗർ ജില്ലയിലെ കാശിപൂരിൽ ആയിരുന്നു സംഭവം. ജയിത്പൂർ ഘോഷ് സ്വദേശികളായ ചോട്ടേ ഖാൻ, ഇമ്രാൻ, അൻവൻ, ഇഖ്രാർ ഷാ, നദീം, മുബാറിക്, മുഹമ്മദ്, ഇമാമുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് പ്രദേശത്ത് മാവിൻ തോട്ടമുണ്ട്. മാങ്ങ പഴുത്തതിനാൽ ഇവിടേക്ക് കുരങ്ങന്മാർ ധാരാളമായി എത്തുന്നുണ്ട്. ഇതേ തുടർന്നാണ് കുരങ്ങന്മാരെ ഇവർ ചേർന്ന് വിഷം നൽകി കൊന്നത്.
തോട്ടത്തിൽ കുരങ്ങന്മാർ കൂട്ടത്തോടെ ചത്ത് കിടക്കുന്നതായി പോലീസിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയതായിരുന്നു പോലീസ്. ഏഴ് കുരങ്ങന്മാരെയാണ് ചത്ത നിലയിൽ കണ്ടത്. ഇവയുടെ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നും അകത്ത് വിഷാംശം ഉള്ളതായി വ്യക്തമായിരുന്നു. ഇതേ തുടർന്നായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.
ഒൻപത് പേരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവർക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295 (എ), 11(ഐ) എന്നീ വകുപ്പുകൾ പ്രകാരവും, വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസ് എടുത്തിട്ടുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.








