ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വൈറ്റ് ഹൗസിൽ സ്വീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ഡോ. ജിൽ ബൈഡനും. ഇരുവരും ചേർന്ന് പ്രധാനമന്ത്രിയെ വൈറ്റ്ഹൗസിനുള്ളിലേക്ക് സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനകം പുറത്ത് വന്നിട്ടുണ്ട്. വൈറ്റ് ഹൗസിൽ നടക്കുന്ന അത്താഴവിരുന്നിലും പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര, പ്രോട്ടോക്കോൾ ഡെപ്യൂട്ടി ചീഫ് അസീം വോറ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം വൈറ്റ്ഹൗസിൽ എത്തിയിട്ടുണ്ട്.
യുഎൻ ആസ്ഥാനത്തെ യോഗാദിനാചരണത്തിന് ശേഷമാണ് പ്രധാനമന്ത്രി വാഷിംഗ്ടണിലെത്തിയത്. ഏറ്റവും അധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ പങ്കെടുത്ത പൊതുപരിപാടി എന്ന ഗിന്നസ് റെക്കോർഡാണ് ഇത്തവണത്തെ യോഗ ദിനാചരണത്തിന് ലഭിച്ചത്. 135 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഇത്തവണ ന്യൂയോർക്കിൽ യുഎൻ ആസ്ഥാനത്ത് നടന്ന യോഗ ദിനാചരണത്തിൽ പങ്കെടുത്തത്. ഖത്തറിൽ 2022ൽ നടന്ന യോഗ ദിനാചരണത്തിന്റെ റെക്കോർഡാണ് ഇക്കുറി മറികടന്നത്. കഴിഞ്ഞ തവണ ഇന്ത്യൻ സ്പോർട്സ് സെന്റർ സംഘടിപ്പിച്ച യോഗ പരിപാടിയിൽ 114 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഭാഗമായിരുന്നത്.
Discussion about this post