ചെന്നൈ: 10ാം വയസ്സിൽ ഇന്റർനാഷണൽ മാസ്റ്റർ കിരീടവും 12ാം വയസ്സിൽ ഗ്രാൻഡ്മാസ്റ്റർ കിരീടവും നേടിയ മിടുക്കനാണ് പ്രജ്ഞാനന്ദ. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറെ സന്തോഷകരമായ ഒരു അനുഭവം സമൂഹമാദ്ധ്യമം വഴി പങ്കുവച്ചിരിക്കുകയാണ് ഈ കൊച്ചു മിടുക്കൻ. തന്റെ 12ാം ക്ലാസ് പരീക്ഷയിൽ തന്നെക്കുറിച്ചുള്ള ചോദ്യം ഇംഗ്ലീഷ് ചോദ്യ പേപ്പറിൽ വന്ന അനുഭവമാണ് പ്രജ്ഞാനന്ദ പങ്കുവച്ചിരിക്കുന്നത്. ഇത് തനിക്ക് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്നും പ്രജ്ഞാനന്ദ പറയുന്നു.
ചെസിനെ കുറിച്ച് ചോദ്യങ്ങളുള്ള ചോദ്യപേപ്പറും ഇതോടൊപ്പം പ്രജ്ഞാനന്ദ പങ്കുവച്ചിട്ടുണ്ട്. ഒരു ചെക്‌മേറ്റ് മൊമന്റ് എന്നാണ് പ്രജ്ഞാനന്ദ ഇതിന് തലക്കെട്ടായി നൽകിയിരിക്കുന്നത്. മാമല്ലപുരത്ത് നടന്ന 44ാമത് ചെസ് ഒളിമ്പ്യാഡുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം. പ്രജ്ഞാനന്ദയും അന്നത്തെ മത്സരത്തിന്റെ ഭാഗമായിരുന്നു. ഒരു ചെസ് കളിക്കാരൻ ആയതിന്റെ പേരിൽ ഈ ചോദ്യത്തിന് ഉത്തരം നൽകാൻ തനിക്ക് വളരെ സന്തോഷമുണ്ടെന്നും പ്രജ്ഞാനന്ദ പറയുന്നു.
ചെന്നൈയിൽ ജനിച്ച പ്രജ്ഞാനന്ദ, വനിതാ ഗ്രാൻഡ്മാസ്റ്ററും ഇന്റർനാഷണൽ മാസ്റ്ററുമായ ആർ വൈശാലിയുടെ ഇളയ സഹോദരനാണ്. ടിഎൻഎസ്സി ബാങ്കിൽ ബ്രാഞ്ച് മാനേജരായി ജോലി ചെയ്യുന്ന വ്യക്തിയാണ് പ്രജ്ഞാനന്ദയുടെ പിതാവ്.










